Sunday, May 19, 2024
spot_img

രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച് അധിർ രഞ്ജൻ ചൗധരി; മു‍ർമുവിനെ അപമാനിച്ചതിനെതിരെ ബിജെപി

ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതിനെ തുടർന്ന് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി. ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജന്‍ ചൗധരിയാണ് ഇത്തരത്തിൽ ഒരു വിശേഷണം നടത്തിയത്. നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു.

അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും അതിനാൽ ചൗധരി പാര്‍ലമെന്‍റിലും പുറത്തും മാപ്പ് പറയണമെന്നും സ്‍മൃതി ഇറാനി ആവശ്യപ്പെട്ടു. ആദിവാസി ജനതയെ കോണ്‍ഗ്രസ് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം മന്ത്രിമാര്‍ ശക്തമാക്കിയതോടെയാണ് വിശദീകരണവുമായി ചൗധരിയെത്തിയത്. മനഃപൂര്‍വ്വം അങ്ങനെ വിശേഷിപ്പിച്ചതല്ലെന്നും, അറിയാതെ പറഞ്ഞുപോയതാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിശദീകരിച്ചു.

Related Articles

Latest Articles