Saturday, May 4, 2024
spot_img

ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്ക് വീടുവിൽക്കാൻ ശ്രമിച്ച സ്ത്രീയിൽ നിന്ന് കൈക്കൂലി വാങ്ങി; ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർകിനെ കയ്യോടെ പിടികൂടി വിജിലൻസ് സംഘം

ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർകിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓഫീസർക്കെതിരെ വിജിലൻസ് സംഘം അന്വേഷണവും ആരംഭിച്ചു. അറസ്റ്റിലായ സീനിയർ ക്ലർക് പത്തനംതിട്ട അടൂര്‍ പറക്കോട് സ്വദേശി മനോജിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുടങ്ങിയ കെട്ടിട നികുതി അടക്കാനെത്തിയ സ്ത്രീയുടെ കൈയ്യിൽ നിന്നാണ് മനോജ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്ത് ഓവർസിയർ സജിൻ ഇതേ സ്ത്രീയുടെ പക്കൽ നിന്ന് നേരത്തെ കൈക്കൂലി കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം അന്വേഷണം തുടങ്ങിയത്.

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന കുടുംബത്തിന്റെ പക്കൽ നിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. റവന്യൂ വകുപ്പ് മുൻ ഉദ്യോഗസ്ഥയും അടിമാലി പൊളിഞ്ഞപാലം സ്വദേശിയുമായ ജയയാണ് കേസിലെ പരാതിക്കാരി. ഇവരുടെ ഭർത്താവ് ഹൃദ്രോഗിയാണ്. അദ്ദീഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായതിനെ തുടർന്ന് വീടുവിറ്റ് ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പരാതിക്കാരി.

വീടിന്റെ മുടങ്ങിയ നികുതി അടച്ച് തീർക്കാനും, നികുതിയടവുമായി ബന്ധപ്പെട്ട് ബാധ്യതകളൊന്നുമില്ലെന്ന് സാക്ഷ്യപത്രം നൽകാനുമാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരിയായ സ്ത്രീയോട് 8000 രൂപയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ചോദിച്ചത്. ഇതോടെ പരാതിക്കാരി വിജിലൻസിനെ സമീപിച്ചു. വിജിലൻസ് സംഘം നൽകിയ പണമാണ് ജയ, കൈക്കൂലി ചോദിച്ച അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്കായ മനോജിന് നൽകിയത്. ഈ സമയത്ത് സ്ഥലത്ത് തന്നെ ഉണ്ടായിരുന്ന വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മനോജിനെ കൈക്കൂലി പണവുമായി കൈയ്യോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles