Saturday, May 4, 2024
spot_img

‘ഭാരതത്തെ സേവിച്ച ഭാരതമാതാവിന്റെ ദത്തുപുത്രി’; ഒക്ടോബർ 13 ഭഗിനി നിവേദിത സ്‌മൃതി ദിനം

“നിങ്ങള്‍ ജനിച്ചത് നിങ്ങള്‍ക്കുമാത്രം വേണ്ടിയല്ല, നിങ്ങളുടെ അയല്‍ക്കാരനുവേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയുമാണ്.” എന്നുദ്ഘോഷിച്ച ഭഗിനി നിവേദിതയുടെ നൂറ്റിപത്താം സ്‌മൃതി ദിവസമാണ് ഇന്ന്.

വിവേകാനന്ദസ്വാമികളുടെ ശിഷ്യയായി ഭാരതത്തിലേക്ക് വന്ന് നാടിന് വേണ്ടി സര്‍വസ്വവും സമര്‍പ്പിച്ച മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിത ഏതാണ്ട് ഒന്നര പതിറ്റാണ്ട് കൊണ്ട് പൂര്‍ത്തിയാക്കിയത് എത്രയോ പേര്‍ എത്രയോ ആയുഷ്‌ക്കാലം കൊണ്ട് ചെയ്തു തീര്‍ക്കേണ്ട ദൗത്യമായിരുന്നു.

അദ്ധ്യാപിക, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിളെന്ന പില്‍ക്കാലത്തെ ഭഗിനി നിവേദിത 1895-ല്‍ സ്വാമിവിവേകാനന്ദനെ നേരിട്ട് കണ്ടതോടെയാണ് ജീവിതത്തിന്റെ ഗതിമാറ്റമുണ്ടായത്.

തന്റെ സംശയങ്ങള്‍ക്കെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്ന് അവര്‍ക്ക് മറുപടി കിട്ടി. സ്വാമിവിവേകാനന്ദനെയും ശ്രീരാമകൃഷ്ണപരമഹംസനെയും ഗുരുക്കന്മാരായി സ്വീകരിച്ച് മാര്‍ഗരറ്റ് 1898 ജനുവരി 25-ന് സന്യാസിനിയായി. അവര്‍ക്ക് നിവേദിത എന്ന പേരിട്ടത് സ്വാമി വിവേകാനന്ദനായിരുന്നു. ‘ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍’ എന്നായിരുന്നു ആ പേര് കൊണ്ട് വിവേകാനന്ദന്‍ ഉദ്ദേശിച്ചത്.

“അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ” എന്ന അഭിസംബോധനയിൽ തന്നെ വിപ്ലവം രചിച്ച വിശ്വപ്രസിദ്ധമായ സ്വാമി വിവേകാനന്ദന്റെ 1893 ലെ ചിക്കാഗോ പ്രസംഗമാണ് അദ്ദേഹത്തെ കാണാനുള്ള അടങ്ങാത്ത അഭിനിവേശം മാർഗരറ്റ് എലിസമ്പത്ത് നോബിളിലുണ്ടാക്കിയത്. അങ്ങനെയിരിക്കുമ്പോഴാണ് സ്വാമികൾ ലണ്ടനിൽ എത്തുന്നതായി അറിഞ്ഞത്. അങ്ങനെ അവിടെ സ്വാമികൾ നടത്തിയ എല്ലാ പ്രസംഗങ്ങളും കേൾക്കാൻ അവരെത്തി.

ഇന്ത്യയിലെ സ്ത്രീകളുടെ സങ്കടകരമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി താൻ പ്രവർത്തിക്കാൻ പോകുകയാണെന്നും അതിനായി തന്നെ സഹായിക്കാൻ തയ്യാറാണോ എന്ന സ്വാമികളുടെ ചോദ്യത്തെ സന്തോഷത്തോടെയാണ് അവർ സ്വീകരിച്ചത്. അങ്ങനെ വിവേകാനന്ദ സ്വാമികൾക്കൊപ്പം ഭാരതത്തിലേക്ക് പുറപ്പെട്ടു. ഭാരതത്തിന്റെ പുത്രിയായിത്തന്നെ ജീവിച്ചു.

1911 ഒക്ടോബർ 13 ന് ഡാർജിലിങ്ങിൽ അന്തരിക്കുന്നത് വരെ കർമ്മനിരതമായിരുന്നു ആ ജീവിതം. ഭാരതതത്തിൽ ആതുരസേവനത്തിനായും വിജ്ഞാന ദാനത്തിനായും തന്റെ ജീവിതം സ്വമേധയാ സമർപ്പിച്ച അവർ കേവലം 44 വയസ്സ് വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും ത്യാഗോജ്ജ്വലമായ ആ ജീവിതചരിത്രം ആരെയും പ്രചോദിതമാക്കുന്നതാണ്.

ആർഷദർശനങ്ങളുടെ അഗ്നിയെ ഹൃദയത്തിലേറ്റു വാങ്ങി ഒരായിരം ദീപങ്ങളായതിനെ പകർന്നേകിയ വിവേകാനന്ദ സ്വാമികളുടെ പ്രിയ ശിഷ്യ, ഭാരതത്തെ സേവിച്ച ഭാരതമാതാവിന്റെ ദത്തുപുത്രി. ‘സ്വന്തമായുള്ളതെല്ലാം ഭാരതത്തിന് സമര്‍പ്പിച്ച ‘ഭഗിനി നിവേദിത’ എന്ന മാര്‍ഗരറ്റ് എലിസബത്ത് നോബിൾ.

Related Articles

Latest Articles