ദില്ലി:∙അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനു മുകളിലൂടെ ഹെലികോപ്ടറിൽ തൂങ്ങിയാടുന്ന ‘മൃതദേഹ’വുമായി പറന്നത് എന്നു കരുതപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മാത്രമല്ല ഇസ്‌ലാമിക് എമിറേറ്റ് അഫ്ഗാനിസ്ഥാന്റെ ഇംഗ്ലിഷ് ഭാഷയിലെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന ‘താലിബ് ടൈംസും’ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വ്യോമസേന, ഇപ്പോൾ ഇസ്‌ലാമിക് എമിറേറ്റ്സ് വ്യോമസേനയുടെ ഹെലികോപ്ടറുകൾ കാണ്ഡഹാറിനു മുകളിലൂടെ പട്രോളിങ് നടത്തുന്നു’ എന്ന് ഇവർ ഈ ട്വിറ്റിൽ കുറിച്ചു.
അതേസമയം അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് പിന്മാറ്റത്തിനു മണിക്കൂറുകൾക്കു മാത്രം മുൻപാണ് വിഡിയോ പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്. താലിബ് ടൈംസിൽ ഇത് പ്രത്യക്ഷപ്പെട്ടത് ഓഗസ്റ്റ് 30 ന് വൈകിട്ടും. ഹെലികോപ്ടർ നഗരത്തിൽ പട്രോളിങ് നടത്തുകയാണെന്നു ട്വിറ്ററിൽ ‘താലിബ് ടൈംസ്’ നൽകുന്ന വിശദീകരണം.
എന്നാൽ ഹെലികോപ്ടറിൽനിന്നുള്ള കയറിൽ തൂങ്ങിയാടുന്ന ‘മൃതദേഹ’ത്തെക്കുറിച്ചു പരാമർശങ്ങളൊന്നുമില്ല. അതേസമയം അത് മൃതദേഹം തന്നെയാകാനിടയില്ലെന്നും ഡമ്മിയോ അതുമല്ലെങ്കിൽ ആരെയെങ്കിലും നിലത്തിറക്കാനുള്ള നീക്കമാകാമെന്നും മറ്റു ചിലരുടെ ട്വിറ്റുകൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ പ്രസിഡന്റ് ജോ ബൈഡന്റെ അഫ്ഗാനിസ്ഥാനിലെ പരാജയം അടിവരയിടുന്നതാണു വിഡിയോയെന്നു റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ടെഡ് ക്രൂസ് ട്വീറ്റ് ചെയ്തു. ‘ഈ ഭയാനക ചിത്രം ജോ ബൈഡൻ അഫ്ഗാനിസ്ഥാനു നൽകിയ തകർച്ച അടിവരയിടുന്നു. യുഎസ് ഹെലികോപ്ടറിൽ തൂങ്ങിയാടുന്ന മൃതദേഹവുമായി താലിബാൻ, ദുരന്തം, ചിന്തിക്കാൻ പോലുമാകുന്നില്ല’ എന്നാണ് ക്രൂസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

