ദില്ലി: താലിബാൻ ഭീകരർ കീഴടക്കിയതോടെ കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് അഫ്ഗാൻ ജനത. പട്ടിണിയിൽ വലയുന്ന കുട്ടികളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ നാം മാധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാലിപ്പോഴിതാ അഫ്ഗാൻ ജനതയുടെ പട്ടിണി മാറ്റാൻ ഇന്ത്യയിൽ നിന്നും ഭക്ഷ്യധാന്യം ഉടൻ പുറപ്പെടുമെന്നാണ് വിവരം(After 4 months delay, Pakistan allows Indian humanitarian relief passage to Afghanistan). അടിയന്തിരാവശ്യത്തിനായി 50,000 ടൺ ഗോതമ്പാണ് ലോറികളിൽ അഫ്ഗാനിലേക്ക് നീങ്ങുന്നത്.
പാകിസ്ഥാനിലൂടെയാണ് ഗോതമ്പ് എത്തിക്കുകയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. അഫ്ഗാനിലേക്കുള്ള ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കാര്യത്തിൽ രാജ്യന്തര നയതന്ത്ര നടപടികൾ പൂർത്തിയായി. ആദ്യ ഘട്ടത്തിലെ ചരക്കുനീക്കത്തിന്റെ വിശദവിവരങ്ങൾ ഉടനെ അറിയിക്കും. ആഗോള ഭക്ഷ്യ വിതരണ പദ്ധതിയുടെ ഭാഗമായി റോമിൽ നടന്ന യോഗത്തിലെ തീരുമാനമനുസരിച്ചാണ് അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം എത്തുക. മുൻതീരുമാന പ്രകാരം ഈ മാസം 22-ാം തിയതിയാണ് ചരക്കുനീക്കം നടക്കുക. അഫ്ഗാനിലെ ജനങ്ങൾക്കായി അടിയന്തിരമായി ജീവകാരുണ്യ സഹായവും എത്തിക്കാൻ ഇന്ത്യ ഒരുക്കമാണ്. മരുന്നുകളും വാക്‌സിനും അഫ്ഗാനിലേക്ക് എത്തിക്കാൻ സാധിച്ചെന്നും ബാഗ്ചി പറഞ്ഞു.
എന്നാൽ ഇതിനുമുൻപും ഇന്ത്യ ഇത്തരത്തിൽ അഫ്ഗാൻ ജനതയെ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് ഭക്ഷ്യധാന്യങ്ങളുമായെത്തിയ ഇന്ത്യൻ ലോറികൾ പാകിസ്ഥാൻ കടത്തിവിട്ടില്ല. ഇതിനെതിരെ കനത്ത ആക്ഷേപമാണ് അന്ന് പാകിസ്ഥാനെതിരെ ഉയർന്നത്. സംഭവത്തിൽ കനത്ത പ്രതിഷേധം ഇന്ത്യയും അറിയിച്ചിരുന്നു.

