Wednesday, January 7, 2026

രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് ശേഷം കൊൽക്കത്ത ബലാത്സംഗ കൊലപാതകക്കേസ് ഇന്ന് സുപ്രീംകോടതിയിൽ; മകൾക്ക് നീതി ലഭിക്കുന്നത് വരെ സമരരംഗത്ത് തുടരുമെന്ന് മാതാപിതാക്കൾ

കൊൽക്കത്ത: സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് നടപടികൾക്ക് മേൽനോട്ടം വഹിക്കും.

അതേസമയം, കൊൽക്കത്തയില്‍ മുപ്പത്തിയൊന്നുകാരിയായ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട്‌ ഒരു മാസം പിന്നിടുമ്പോഴും പ്രതിഷേധത്തീ അണയാതെ കൊൽക്കത്ത. കഴിഞ്ഞ ദിവസം രാത്രി വലിയ പ്രതിഷേധ റാലികളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ശിക്ഷ നൽകുക, സ്ത്രീകൾക്ക് ജോലി സ്ഥലങ്ങളിൽ സുരക്ഷാ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധക്കാർ തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്.

അതിനിടയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ വിമർശനവുമായി മാതാപിതാക്കളും രംഗത്തെത്തി. പോലീസ് കുറ്റകൃത്യത്തെ മറച്ചുവയ്‌ക്കാനാണ് ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മകൾക്ക് നീതി ലഭിക്കുന്നത് വരെ സമരരംഗത്ത് തുടരുമെന്നും, മകൾക്ക് വേണ്ടി ആയിരങ്ങൾ പ്രതിഷേധം തീർക്കുന്നത് പോരാടാനുള്ള ധൈര്യം നൽകുകയാണെന്നും പിതാവ് പറഞ്ഞു.

Related Articles

Latest Articles