പോളണ്ടിലെ ചരിത്ര സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ തലസ്ഥാനമായ കീവിലെത്തി. യുക്രൈൻ പ്രസിഡന്റ് സെലിൻസ്കിയുമായി ഇന്ന് അദ്ദേഹം സുപ്രധാന കൂടിക്കാഴ്ച നടത്തും. പോളണ്ടിൽ നിന്ന് ആഡംബര തീവണ്ടിയായ ട്രെയിൻ ഫോഴ്‌സ് വണ്ണിലാണ് അദ്ദേഹം കീവിലെത്തിയത്. ആഡംബര ഹോട്ടലിന് സമാനമായ സൗകര്യങ്ങളാണ് ട്രെയിനിലുള്ളത്. കനത്ത സുരക്ഷാ സൗകര്യങ്ങളും സുരക്ഷിതമായ ആശയ വിനിമയ സംവിധാനങ്ങളും ഈ ട്രെയിനിലുണ്ട്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഈ ട്രെയിനിലുണ്ട്. പത്തുമണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് മോദി കീവിലെത്തിയത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് മോദിയുടെ യുക്രൈൻ സന്ദർശനം. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മോദിയെ താമസ സ്ഥലത്തേക്ക് ആനയിച്ചത്.
ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ പ്രതിരോധ രംഗത്തെ സഹകരണവും, ശാസ്ത്ര സാങ്കേതിക രംഗത്തെ കർമ്മ പദ്ധതികളും സാമ്പത്തിക വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികളും ചർച്ചയാകും. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ നിരവധി തന്ത്രപ്രധാന വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് യുക്രൈൻ പ്രെസിഡന്റിന്റെ ഓഫീസും അറിയിച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം ശക്തമായി തന്നെ തുടരുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്ന് ഐക്യരാഷ്ട്ര സഭയും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം പ്രധാനമന്ത്രി മോദി റഷ്യയും സന്ദർശിച്ചിരുന്നു.

