ഇടുക്കി : അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് ഇടുക്കി ജില്ലയുടെ ആഭിമുഖ്യത്തിൽ ദുർഗാ ആരതിയും ശക്തിപൂജയും സംഘടിപ്പിച്ചു. നെടുങ്കണ്ടം ടൗണിൽ നടന്ന പരിപാടിക്ക് ദേവഗിരി ശ്രീ മഹാദേവി ക്ഷേത്രം മേൽശാന്തി സേതുശാന്തികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ഹിന്ദു ഹെൽപ്പ് ലൈൻ സംസ്ഥാന ജോ കോർഡിനേറ്റർ ബിനിൽ സോമസുന്ദരം മുഖ്യപ്രഭാഷണം നടത്തി.
അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് രാജ്യവ്യാപകമായി നടത്തിവരുന്ന ദുർഗാപൂജകൾ ഹിന്ദുരാഷ്ട്ര പുനഃസ്ഥാപനത്തിനായുള്ള സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ ശംഖനാദമാണെന്ന് ബിനിൽ സോമസുന്ദരം അഭിപ്രായപ്പെട്ടു.
പരിപാടിയോടനുബന്ധിച്ച് ദേശീയ കരാട്ടേ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയ കുമാരി മീനാക്ഷിയ്ക്ക് കായികശ്രീ പുരസ്കാരവും എം ജി സർവകലാശാലയിൽ നിന്ന് ബി എ ഇംഗ്ലീഷിൽ നാലാം റാങ്ക് നേടിയ കൃഷ്ണപ്രിയയ്ക്ക് വിദ്യാശ്രീ പുരസ്കാരവും വിതരണം ചെയ്തു. ബിനിൽ സോമസുന്ദരം പുരസ്കാര വിതരണം നിര്‍വ്വഹിച്ചു.
നിർധനരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ധനസഹായവും പാവപ്പെട്ടവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഹിന്ദു ഹെൽപ്പ്ലൈൻ ജില്ലാ കോർഡിനേറ്റർ ബിനോയി ഐക്കരപ്പറമ്പിൽ നിർവ്വഹിച്ചു.

