അഹമ്മദാബാദ്: യാത്രക്കിടെ യുവാവിനു ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഗുജറാത്തിലെ വ്യോമസേനയുടെ വ്യോമതാവളത്തില്‍ അടിയന്തരമായി ഇറക്കി. ദില്ലിയില്‍നിന്നും മസ്ക്കറ്റിലേക്കുപോകുകയായിരുന്ന വിമാനമാണ് ഗുജറാത്തിലെ ജാംനഗര്‍ വ്യോമസേനാ താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
വ്യോമതാവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍നിന്ന് യുവാവിനെ ജാംനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കുമാറ്റി. ഇയാളെ തുടര്‍ ചികിത്സയ്ക്കായി ഗുരുഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപൂര്‍വമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ പറക്കുന്ന വിമാനങ്ങളെ വ്യോമസേനയുടെ വ്യോമതാവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കുന്നത്.