ദില്ലി: രാജ്യത്ത് എല്ലാ കാറുകള്‍ക്കും എയര്‍ ബാഗ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കും. ഇക്കോണമി മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ കാറുകള്‍ക്കും മുന്‍ സീറ്റില്‍ യാത്രക്കാരുടെ ഭാഗത്ത് എയര്‍ ബാഗ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് വിജ്ഞാപനം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. 2019 ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ കാറുകളിലും ഡ്രൈവർ ഭാഗത്തേക്ക് എയർബാഗ് നിർബന്ധമാണ്. ഇതിന്റെ തുടർച്ചയായാണ് വഹനത്തിലെ മറ്റ് ഭാഗങ്ങളിലും എയർബാഗ് നിർബന്ധിതമാകുക. വാഹന മാനദണ്ഡങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്ന സാങ്കേതിക സമിതിയാണ് ഇക്കാര്യത്തിൽ മറ്റ് നടപടികൾ പൂർത്തിയാക്കി.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) ഭേദഗതി ചെയ്യുന്നതിന്റെ മുന്നോടിയായി സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. അപകടമുണ്ടായാൽ ജീവനക്കാരെ സുരക്ഷിതരാക്കുന്നതിന് വാഹന നിർമ്മാതാക്കൾ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇതിന് അനിവാര്യമായ സംവിധാനമായാണ് എയർ ബാഗുകൾ എല്ലാ യാത്രക്കാരെയും സുരക്ഷിതരാക്കാൻ ക്രമീകരിയക്കേണ്ടത്. ചെലവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്താൻ ഇനിമുതൽ നിർമ്മാതാക്കൾക്ക് കരട് വിജ്ഞാപനം അനുസരിച്ച് സാധിയ്ക്കില്ല. നിലവിലെ നിര്‍ദേശം ഡ്രൈവറിന്റെ സുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. അപകടങ്ങളില്‍ മുന്നിലെ യാത്രക്കാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്.
അപകടമുണ്ടായാൽ സ്വയം പ്രവർത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കുന്ന സംവിധാനമാണ് എയർബാഗ്. പേര് സൂചിപ്പിക്കുന്നതുപോലെ വായു നിറച്ച ബലൂൺ പോലുള്ള എയർബാഗ് യാത്രക്കാർക്ക് നേരിട്ട് ആഘാതമേൽക്കാത്ത തരത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ഇടിയുടെ ആഘാതം കഴിഞ്ഞാലുടൻ എയർബാഗ് ചുരുങ്ങി പോകുന്നതാണ്. കാറിന്റെ വിവിധ ഭാഗങ്ങളിലായി ഉറപ്പിച്ചിരിക്കുന്ന നേർത്ത നൈലോൺ നിർമിത ബാഗിൽ അപകട സമയത്ത് നൈട്രജൻ വാതകമാണ് നിറയുക. മുന്നിലെ എയർബാഗുകൾ കൂടാതെ സീറ്റുകളിൽ ഘടിപ്പിക്കുന്ന സൈഡ് എയർ ബാഗുകൾ, ഡോറിനു മുകളിൽ ഘടിപ്പിക്കുന്ന കർട്ടൻ എയർ ബാഗുകൾ എന്നിവയും ഇപ്പോൾ പ്രചാരത്തിലുണ്ട്. ആഘാതം തിരിച്ചറിയുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്‌നലുകൾ വിലയിരുത്തുന്ന ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റാണ് എയർബാഗിന്റെ പ്രവർത്തനം കൈകാര്യം ചെയ്യുന്നത്. മണിക്കൂറിൽ 322 കിമീ വരെ വേഗത്തിലാണ് എയർബാഗിന്റെ വികാസം. സെൻസർ, വിവരം തിരിച്ചറിയുന്നതുമുതലുള്ള എയർബാഗ് പ്രവർത്തനത്തിനു എല്ലാം കൂടി സെക്കൻഡിന്റെ ഇരുപത്തിയഞ്ചിലൊരംശം സമയം മതിയെന്നാണ് കണക്ക്. ഒരു സെക്കൻഡിനു ശേഷം, എയർബാഗിലെ വാതകം പുറത്തു പോകും. അങ്ങനെ എയർബാഗ് ചുരുങ്ങുന്നു. ഒരു തവണ മാത്രമേ എയർബാഗ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. വികസിച്ച എയർബാഗും അനുബന്ധഘടകങ്ങളും നീക്കം ചെയ്ത് പുതിയതു വയ്ക്കണം. എയർബാഗുള്ള വാഹനത്തിലെ യാത്ര പൂർണ സുരക്ഷിതം ആണെന്നു കരുതാനാവില്ല. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ എയർബാഗ് പൂർണ്ണമായും പ്രവർത്തിക്കുകയുള്ളു അല്ലാത്ത പക്ഷം എയർബാഗ് പ്രവർത്തിക്കുന്നത് സുരക്ഷിതമല്ല.

