Saturday, June 15, 2024
spot_img

കശ്മീരിലും പിടിമുറുക്കി ഇ.ഡി: ഫാറൂഖ് അബ്ദുല്ലയുടെ 12 കോടി വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി

ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മു ആന്റ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ഫാറൂഖ് അബ്ദുളളയുടെ ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടര്‍ന്നാണ് ഇ.ഡിയുടെ നടപടി. കേസില്‍ ഫാറൂഖ് അബ്ദുല്ല ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ 2018-ല്‍ സിബിഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തില്‍ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുററപത്രം. കേസില്‍ 2019ലും അബ്ദുള്ളയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുള്ള 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്തതെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബി.സി.സിഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടന്നുവരുന്നത്. 2015 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറുകയും 2018 ല്‍ ഫറൂഖ് അബ്ദുള്ളയുടെയും മറ്റു മൂന്ന് പേരുടെയും പേരില്‍ സിബിഐ. കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്‌സന്‍ അഹമ്മദ് മിര്‍സ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സിബിഐ കേസ്. ഇതിന്റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

നാല് താമസ പ്രദേശങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, നാലു പ്ലോട്ടുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. രേഖകളിലെ വില 11.86 രൂപയാണെങ്കിലും ഇവയുടെ മാര്‍ക്കറ്റ് മൂല്യം 60-70 കോടി രൂപ വരും. അതേസമയം കേസ് രാഷ്ട്രീയ പകപോക്കലാണെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. കണ്ടുകെട്ടിയ സ്വത്തുക്കള്‍ മുഴുവന്‍ പൈതൃകമായി ലഭിച്ചവയാണ്. ഏറ്റവും ഒടുവില്‍ 2003 ന് മുന്‍പ് പണിതവ ഉള്‍പ്പെടെ.കണ്ടുകെട്ടിയ നടപടി യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നവയല്ലെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

Related Articles

Latest Articles