Sunday, May 19, 2024
spot_img

അതിമോഹമാണ് അതിമോഹം !‘83 വയസായില്ലേ, അവസാനിപ്പിച്ചു കൂടെ’: ശരദ് പവാറിനെതിരെ തുറന്ന യുദ്ധത്തിന് കളമൊരുക്കി അജിത് പവാർ

മുംബൈ : പ്രായാധിക്യത്തിലും പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്ന ശരദ് പവാറിനെതിരെ ആഞ്ഞടിച്ച് വിമത നീക്കത്തിലൂടെ എൻഡിഎ മുന്നണിയിലെത്തിയ സഹോദരപുത്രനായ അജിത് പവാര്‍. ‘83 വയസായില്ലേ, അവസാനിപ്പിച്ചു കൂടെ’’ എന്നാണ് അജിത് പവാര്‍ ഇന്ന് ശരദ് പവാറിനോടു ചോദിച്ചത്. എൻസിപി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും ശരദ് പവാറിനെ നീക്കി അജിത് പവാറിനെ തെരഞ്ഞെടുത്തതായി അജിത് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

പാര്‍ട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് അജിത് പവാര്‍. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നു ശരദ് പവാർ പക്ഷവും ആവശ്യപ്പെട്ടു. വിമത നീക്കത്തിന് ശേഷമുള്ള ആദ്യ പാർട്ടി മീറ്റിങ് ഇരു വിഭാഗവും ഇന്ന് നടത്തിയിരുന്നു. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം നടന്നത്. അതേസമയം, ശരദ് പവാർ വിളിച്ച യോഗം മുംബൈയിലെ നരിമാൻ പോയിന്റിലാണ് ചേർന്നത്. 32 എംഎൽഎമാരാണ് അജിത് പവാറിന് പിന്തുണയുമായി എത്തിയത്. ശരദ് പവാർ വിളിച്ച യോഗത്തിൽ 16 എംഎൽഎമാരാണ് പങ്കെടുത്തത്.

മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. 5 എംഎൽഎ മാർ ഇരു യോഗങ്ങളിലും ഇതുവരെയും എത്തിയിട്ടില്ല. അതിനിടെ, 35 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തതായി അജിത് പവാർ പക്ഷം അവകാശപ്പെട്ടു.

കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ മൂന്നിൽ രണ്ട് അംഗസംഖ്യയായ 36 പേരുടെ പിന്തുണ ആവശ്യമാണ്. അയോഗ്യത സംബന്ധിച്ച് ഇരുപക്ഷങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. തന്റെ ചിത്രം പോസ്റ്ററുകളിൽ ഉപയോഗിക്കരുതെന്ന് ശരദ് പവാർ വിമതർക്ക് താക്കീത് നൽകി . അതിനിടെ, എൻസിപി പിളർന്നതായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ വ്യക്തമാക്കി.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അജിത് പവാർ പറഞ്ഞു. ബിജെപിക്കൊപ്പം ചേരാന്‍ എന്‍സിപിയുടെ മുഴുവന്‍ എംഎല്‍എമാര്‍ക്കും നേരത്തെ തന്നെ താല്‍പര്യമുണ്ടായിരുന്നുവെന്നും അജിത് പവാര്‍ വ്യക്തമാക്കി.

‘‘ബിജെപിക്കൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള എംഎല്‍എമാര്‍ കത്ത് ഒപ്പിട്ടു നല്‍കിയിരുന്നു. ഞങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ തയാറാകണമെന്ന് ശരദ് പവാറിനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. ഞാനും ജയന്ത് പാട്ടീലുമാണ് ബിജെപിയോടു ചര്‍ച്ച നടത്തുന്നതിന് നിയോഗിക്കപ്പെട്ടത്. മാധ്യമങ്ങള്‍ക്കു യാതൊരു സൂചനയും നല്‍കരുതെന്ന് ശരദ് പവാര്‍ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്‍പായിരുന്നു ഇത്. 2019ല്‍ ബിജെപിയോടു സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് തവണ യോഗം ചേര്‍ന്നു. എന്നാല്‍ പെട്ടെന്നു പവാര്‍ തീരുമാനം മാറ്റി. ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്നും ശിവസേനയ്‌ക്കൊപ്പം പോകുകയാണെന്നും അറിയിച്ചു. ശിവസേന വര്‍ഗീയ പാര്‍ട്ടിയാണെന്നു 2017ല്‍ പറഞ്ഞ ഞങ്ങള്‍ 2019ല്‍ അവര്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചു. എന്നിട്ട് എന്നെയെന്തിനാണ് വില്ലനായി ചിത്രീകരിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ ഒരു പ്രായം കഴിഞ്ഞാല്‍ നേതാക്കള്‍ വിരമിക്കും. ശരദ് പവാറും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ തയാറാകണം. ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതു ചൂണ്ടിക്കാട്ടണം. താങ്കള്‍ക്ക് 83 വയസായി. ഇനിയെങ്കിലും അവസാനിപ്പിക്കുമോ. ഞങ്ങളെ അനുഗ്രഹിക്കണം’’ – അജിത് പവാര്‍ പറഞ്ഞു.

Related Articles

Latest Articles