Sunday, June 2, 2024
spot_img

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. ഇൻഡി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടത്.

ആളുകൾ വേദിക്കു സമീപത്തേക്ക് കൂട്ടത്തോടെ ഒഴുകിയെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും ചെയ്തതോടെയാണ് ഇരു നേതാക്കളും പ്രസംഗിക്കാൻ പോലും നിൽക്കാതെ വേദി വിട്ടത്. രാഹുലും അഖിലേഷും എത്തിയതോടെ വേദിക്ക് സമീപത്തേക്ക് കോൺഗ്രസ്, എസ്പി പ്രവർത്തകർ കൂട്ടത്തോടെ എത്തുകയായിരുന്നു.

ആൾക്കൂട്ടം ഇരമ്പിയെത്തിയതോടെ വേദിക്കു മുന്നിൽ വലിയ തിക്കും തിരക്കും രൂപപ്പെട്ടു. പ്രവർത്തകരോട് ശാന്തരാകാനും പിന്നിലേക്കു മാറാനും ഇരു നേതാക്കളും പലകുറി അഭ്യർത്ഥിച്ചെങ്കിലും ഒന്നും നടന്നില്ല. തിക്കും തിരക്കും വർധിച്ചതോടെ പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സ്ഥിതി നിയന്ത്രിക്കാനാകാത്ത അവസ്ഥയായി. ഇതോടെ രാഹുലും അഖിലേഷും വേദി വിടുകയായിരുന്നു.

Related Articles

Latest Articles