ദില്ലി: അർമേനിയയ്ക്ക് പുറമെ ഇന്ത്യയുടെ ആകാശ് മിസൈലിൽ താല്പര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. മദ്ധ്യേഷ്യൻ രാജ്യങ്ങളും, തെക്കേഅമേരിക്കൻ രാജ്യങ്ങളും, ഈജിപ്റ്റ്, ബ്രസീൽ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും ആകാശ് മിസൈൽ വാങ്ങാൻ തയാറെടുക്കുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് ആകാശ്. 6000 കോടിരൂപയുടെ ഇടപാടാണ് ഇന്ത്യ അർമേനിയയുമായി നടത്തുന്നത്. ചർച്ചകൾ പൂർത്തിയായി. അടുത്ത മാസം മുതൽ മിസൈലുകൾ നൽകി തുടങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
പാക്കിസ്ഥാന്റെയും തുർക്കിയുടെയും സഖ്യകക്ഷിയായ അസർബൈജാനിൽ നിന്നും സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമാണ് അർമേനിയ. സംഘർഷങ്ങളിൽ കഴിഞ്ഞ രണ്ടു തവണയും അർമേനിയയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. അർമേനിയൻ പ്രദേശങ്ങൾ അസർബൈജാൻ പിടിച്ചടക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനും തുർക്കിയുമാണ് അസർബൈജാന് ആയുധങ്ങൾ നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ആകാശ് അർമേനിയയ്ക്ക് ലഭിക്കുന്നത്.
ഇന്ത്യൻ വ്യോമസേന, അസ്ത്രശക്തി എന്ന പേരിൽ നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങളിലാണ് ആകാശിന്റെ പ്രഹരശേഷി ലോകം അറിയുന്നത്. ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളെ ‘ആക്രമിക്കാനെത്തിയ’ നാല് ആളില്ലാ വിമാനങ്ങളെ ഒരൊറ്റ ആകാശ് മിസൈൽ കൊണ്ട് ഇന്ത്യൻ വ്യോമസേന നശിപ്പിച്ചിരുന്നു.

