Sunday, June 16, 2024
spot_img

കാപ്പ ചുമത്തി പുറത്തിറങ്ങിയിട്ട് ദിവസങ്ങൾ മാത്രം! ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; പോലീസ് കസ്റ്റഡിയിലെടുത്തത് മകളുടെ പേരിടൽ ചടങ്ങിനിടെ

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിൽ പ്രതിയായതാണ് ആകാശിനെതിരേ വീണ്ടും ‘കാപ്പ’ ചുമത്താൻ കാരണമായത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ന് മകളുടെ പേരിടല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് ആകാശിനെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.നേരത്തെയും ‘കാപ്പ’ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. വിയ്യൂര്‍ ജയിലില്‍ ‘കാപ്പ’ തടവുകാരനായി കഴിയുന്നതിനിടെയാണ് ഇയാള്‍ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെയാണ് ഇയാൾ മർദിച്ചത്.

പേരിടല്‍ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തേക്ക് വന്നിരുന്നു . തുടർന്ന്‌ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സംഘടിച്ച് സ്‌റ്റേഷന് മുന്നിലെത്തി. ഏറെസമയത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.

Related Articles

Latest Articles