Wednesday, January 14, 2026

എ.കെ.ജി.സെൻറർ ആക്രമണ കേസ്; അന്വേഷണത്തിന്റെ പേരിൽ വീണ്ടും രാഷ്ട്രീയ വിവാദം; ഗൂഢാലോചന ആരോപിച്ച് കോണ്‍ഗ്രസ്; ഊഹാപോഹങ്ങൾക്കപ്പുറം തെളിവില്ലാതെ പൊലീസ്?

തിരുവനന്തപുരം: എ.കെ.ജി.സെൻറർ ആക്രമണക്കേസിലെ അന്വേഷണത്തിന്റെ പേരിൽ വീണ്ടും രാഷ്ട്രീയ വിവാദം സജീവമാകുന്നു. കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള യൂത്ത് കോണ്‍ഗ്രസുകാരിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം നീളുന്നതിനിടെ പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. എ.കെ.ജി.സെൻറ‍ർ ആക്രണത്തിൻെറ ഗൂഡാലോചനക്കു പിന്നിൽ പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ ആവർത്തിച്ചു.

കഴിഞ്ഞ രണ്ട് മാസം സൂചന പോലുമില്ലാതെ ഇരുട്ടിൽ തപ്പിയതിന് ശേഷമാണ് കഴക്കൂട്ടം- മേനംകുളം കേന്ദ്രീകരിച്ചുള്ള യൂത്ത് കോണ്‍ഗ്രസുകാരിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടക്കുമ്പോള്‍ അതേ വിമാനത്തിൽ യാത്ര ചെയ്ത ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവിൻ്റെ സൂചന. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് സംശയം ശക്തമായത്.

നിർണായകമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈം ബ്രാഞ്ചിൻെറ ഉന്നത വൃത്തങ്ങളുടെ വാദം. പക്ഷെ, തെളിവായി പൊലീസിന്റെ കൈയിലൊന്നുമില്ലെന്നതാണ് സ്ഥിതി. സംശയിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിൻ്റെ അനുയായിയായ, സ്കൂട്ടറിലെത്തിയ പടക്കമറിഞ്ഞുവെന്ന് സംശയിക്കുന്ന മേനംകുളം സ്വദേശിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ എല്ലാം നിഷേധിച്ചു.

Related Articles

Latest Articles