Sunday, May 19, 2024
spot_img

നൂറാം വർഷത്തിന്റെ വിപുലമായ ആഘോഷങ്ങൾക്കൊരുങ്ങാൻ ആർ എസ് എസ്; 2025 വിജയദശമി മുതൽ ഒരു വർഷം നീളുന്ന പരിപാടികൾ; ആഘോഷ പരിപാടികളുടെ അന്തിമരൂപം അടുത്തവർഷത്തെ അഖിലഭാരതീയ പ്രതിനിധി സഭയിൽ

പാനിപ്പത്ത്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാർഷികം ഒരു വർഷം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെ. 2025 വിജയദശമി മുതൽ ഒരുവർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്നും ആഘോഷ പരിപാടികളുടെ അന്തിമ രൂപം അടുത്ത വർഷത്തെ അഖില ഭാരതീയ പ്രതിനിധിസഭയിലുണ്ടാകുമെന്നും ഹൊസബാളെ പറഞ്ഞു. ഹരിയാനയിൽ നടന്ന അഖിലഭാരതീയ പ്രതിസഭയുടെ സമാപനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ശതാബ്ദിയാഘോഷങ്ങൾക്ക് മുന്നോടിയായി സംഘപ്രവർത്തനം സമാജത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും നിത്യശാഖയും മിലനും ആരംഭിക്കുവാനുള്ള പ്രവർത്തനം നടക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിൽ പൗരന്മാരുടെ മാനസികാവസ്ഥയിൽ വലിയ മാറ്റംവരണമെന്നും കോളനിവൽക്കരണ മാനസികാവസ്ഥയിൽ വലിയ മാറ്റം വരണമെന്നും സർക്കാര്യവാഹ്‌ അഭിപ്രായപ്പെട്ടു.

1925 ൽ നാഗ്‌പൂരിലാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപംകൊണ്ടത്. സാമൂഹിക പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഡോ.കേശവ ബൽറാം ഹെഡ്ഗെവാറാണ് ആ വർഷത്തെ വിജയദശമി ദിനത്തിൽ സംഘടനയ്ക്ക് രൂപം നൽകിയത്. എല്ലാവർഷവും വിജയദശമി ദിനത്തിലാണ് സംഘടന സ്ഥാപക ദിനം ആചരിക്കുന്നത്. 2025 ൽ നൂറാം ജന്മദിനമാഘോഷിക്കാൻ തയാറെടുത്ത് നിൽക്കുന്ന സംഘടന ഇന്ന് രാജ്യം മുഴുവൻ എന്നല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. 1940 ലാണ് സംഘം ആദ്യമായി വിദേശത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. കെനിയയിലായിരുന്നു ആദ്യ വിദേശ ശാഖ. ഇന്ന് 156 രാജ്യങ്ങളിലായി 3300 ലധികം ശാഖകൾ വിദേശത്തുണ്ട്. 2025 ൽ സംഘടനാ വികാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മപരിപാടികളിൽ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രവർത്തകർ.

Related Articles

Latest Articles