ബെംഗളൂരുവിൽ അല്‍ഖ്വയ്ദ വനിതാ ഭീകരവാദി അറസ്റ്റിൽ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ക്വ ഇദയുമായി (എക്യുഐഎസ് -അൽ ക്വയ്ദ ഇൻ ദ ഇന്ത്യൻ സബ്‌കോണ്ടിനന്റ്) ബന്ധപ്പെട്ട ഭീകര സംഘടനയുടെ പിന്നിലെ പ്രധാനിയായ മുപ്പതുകാരിയായ ഷമാ പര്‍വീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് വിവരം. മുഴുവൻ സംഘടനയുടെ ചുമതലയും വഹിച്ചിരുന്നത് ഷമ ആണെന്നും കർണാടകയിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിച്ചിരുന്നത് ഇവരാണെന്നും എടിഎസ് വ്യക്തമാക്കി.
എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അല്‍ ഖ്വയ്ദ ഭീകരവാദികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ബുധനാഴ്ച ഗുജറാത്ത്, ദില്ലി , നോയ്ഡ എന്നിവിടങ്ങളില്‍നിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫര്‍ദീന്‍, സെയ്ഫുള്ള ഖുറേഷി, സീഷാന്‍ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലായത്.
ചില ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ AQIS ന്റെ തീവ്രവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ പൗരന്മാർക്കെതിരെ അക്രമത്തിനോ ഭീകരപ്രവർത്തനങ്ങൾക്കോ ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ ഉള്ളടക്കം പങ്കുവെച്ച് മുസ്ലീം യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നും എടിഎസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

