ആലപ്പുഴ : തപാൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുതിർന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഐപിസി 465,468,471 വകുപ്പുകളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച എന്‍ജിഒ യൂണിയന്റെ പൂര്‍വകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ വെളിപ്പെടുത്തൽ.
1989-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സര്‍വീസ് സംഘടനാ അംഗങ്ങളില്‍നിന്ന് ലഭിച്ച തപാല്‍ വോട്ടുകള്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ചു തുറന്നുനോക്കിയിട്ടുണ്ടെന്നും തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
സുതാര്യമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഒരുസ്ഥാനാര്‍ഥിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ചുവെന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്.വിഷയത്തില്‍ അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.തപാല്‍ വോട്ടുകള്‍ തിരുത്തിയെന്നത് അട്ടിമറിയായാണ് കാണുന്നത്.

