Sunday, May 12, 2024
spot_img

“സത്യസന്ധരെന്ന് കെജ്‌രിവാളിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിൽ; കെജ്‌രിവാളിനെ കാണുമ്പോൾ ജനങ്ങൾ പരിഹസിച്ച് ചിരിക്കുന്നു” രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

റായ്പൂര്‍: ദില്ലി മദ്യനയക്കേസില്‍ ആംആദ്മി എം.പി സഞ്ജയ് സിങ് അറസ്റ്റിലായതിന് പിന്നാലെ പാർട്ടി അദ്ധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യം വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ വിമര്‍ശനം. കെജ്‌രിവാളിനെ കാണുമ്പോള്‍ ജനങ്ങള്‍ ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ സത്യസന്ധരെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“അരവിന്ദ് കെജ്‌രിവാളിനെ കാണുമ്പോള്‍ ജനങ്ങള്‍ ചിരിക്കുകയാണ്. അവര്‍ക്ക് അദ്ദേഹത്തിന്റെ മുഖത്ത് മാനസിക പിരിമുറുക്കം കാണാം. ദില്ലി ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജയിലിലാണ്. അഴിമതിക്കെതിരേ മുദ്രാവാക്യം ഉയര്‍ത്തി മുന്നോട്ടുവന്ന ഇവരെല്ലാം ഇപ്പോള്‍ അഴിമതിക്കേസില്‍പ്പെട്ടു. പഞ്ചാബിലെ എഎപി മന്ത്രി രണ്ട് മാസത്തിനകം രാജിവെച്ചു. ഇതിന്റെയെല്ലാം സൂത്രധാരന്‍ ഇപ്പോഴും പുറത്താണ്. അദ്ദേഹത്തിന്റെ ഊഴവും വരും. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സത്യസന്ധരെന്ന് കെജ്‌രിവാളിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയവരെല്ലാം ഇപ്പോള്‍ ജയിലിലാണ്. അടുത്തത് ആരാണ്? ഉടനെതന്നെ അക്കാര്യം മാദ്ധ്യമങ്ങളില്‍ തലക്കെട്ടായി മാറും” – അനുരാഗ് ഠാക്കൂർ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെയാണ് സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തത്.സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. പത്തു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മേയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനും ഈ വര്‍ഷം ഫെബ്രുവരിയില്‍ മദ്യനയക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയ്ക്കും ശേഷം അറസ്റ്റിലാവുന്ന ആംആദ്മി പാർട്ടിയിലെ മൂന്നാമത്തെ പ്രധാന നേതാവാണ് സഞ്ജയ് സിങ്.

കുറ്റപത്രത്തില്‍ സഞ്ജയ് സിങിന്റെ പേര് ഇ.ഡി. പരാമര്‍ശിച്ചിട്ടുണ്ട്. കേസിലെ ഇടനിലക്കാരനായ ദിനേഷ് അറോറ എന്ന വ്യവസായി സഞ്ജയ് സിങുമായി കൂടിക്കാഴ്ച നടത്തിയെന്നും സഞ്ജയ് സിങാണ് അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ പരിചയപ്പെടുത്തിയതെന്നും ഇഡി യ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സഞ്ജയ് സിങിന്റെ വീട്ടില്‍ ഇഡി. പരിശോധന നടത്തിയത്‌.

2012-22 ലെ ദില്ലി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടര്‍ന്ന് മദ്യനയം സര്‍ക്കാരിനു പിന്‍വലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

നയരൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വന്‍തുക കൈക്കൂലി നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തില്‍നിന്ന് ആറ് ശതമാനം ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്കു ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.
സര്‍ക്കാര്‍ ഖജനാവിനു വന്‍ നഷ്ടം വരുത്തിയ മദ്യനയം, മദ്യമുതലാളിമാര്‍ക്കു കോടികളുടെ ലാഭം സമ്മാനിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. മദ്യനയത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും നഗരത്തിലുടനീളം പുതിയ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിച്ചതിലൂടെ ദില്ലിയെ ലഹരിയുടെ തലസ്ഥാനമാക്കി മാറ്റിയെന്നും ബിജെപി ആരോപിച്ചു.മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ വിവിധയിടങ്ങളിലും എഎപി ആസ്ഥാനത്തിനു പുറത്തും ബിജെപി ബോർഡുകൾ സ്ഥാപിച്ചു.

Related Articles

Latest Articles