കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെ കെ ശൈലജക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് ഷാഫി പറമ്പിലിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ഇടത് പ്രൊഫൈലുകളിൽ നിന്നടക്കം വിമര്‍ശനവും അധിക്ഷേപവും വ്യാപകമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർഥി നുണ പ്രചരിപ്പിച്ചെന്നആരോപണം കോൺഗ്രസ് കടുപ്പിക്കുകയും ചെയ്തു. ‘അശ്ലീല ചിത്രം’ എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും ‘അശ്ലീല വിഡിയോ സൃഷ്ടിച്ചു’ എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.
പിന്നാലെ ഏതാണ്ട് ഒരാഴ്ചയോളം കത്തി നിന്ന വിഷയത്തില്‍ പക്ഷേ തനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ ആരെങ്കിലും മാപ്പ് പറയുമോ എന്ന് ഷാഫി പറമ്പില്‍ ചോദിച്ചിരുന്നു.
“കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, എന്നാല്‍ ഇതിന്‍റെ പേരില്‍ തനിക്കെതിരെ നടന്ന വ്യാപകമായ പ്രചാരണങ്ങള്‍ ഇല്ലാതാകില്ലല്ലോ. ശൈലജ തിരുത്തല്‍ നടത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ വീഡിയോയുടെ പേരില്‍ തന്‍റെ ഉമ്മയുടെ പേര് വരെ വലിച്ചിഴച്ചു. ‘സോഷ്യല്‍ മീഡിയ ഇംപാക്ട്’ യുഡിഎഫിന് അനുകൂലമാണ്.” – ഷാഫി പറമ്പില്‍ പറഞ്ഞു.

