Monday, June 17, 2024
spot_img

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം ; പ്രതികരണവുമായി ആരോപണവിധേയനായ ബെന്നി രംഗത്ത്

കണിച്ചാറിൽ വനവാസി യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായുള്ള പരാതി വ്യാജമെന്ന് ആരോപണം. യുവതി ഇടനിലക്കാരനെന്ന് ആരോപിച്ച ബെന്നിയാണ് ഇക്കാര്യം ആരോപിച്ച് രംഗത്ത് വന്നത്.
താൻ വൃക്ക കച്ചവടത്തില്‍ ഇടനിലക്കാരനല്ലെന്നും തന്‍റെ പേര് പറയുന്നത് യുവതിക്ക് പണം തട്ടാനുള്ള പരിപാടിയാണെന്നുമാണ് ബെന്നി പറയുന്നത്.

“വൃക്ക കച്ചവടത്തില്‍ ഇടനിലക്കാരനല്ല, പക്ഷേ വൃക്കദാനത്തിന്‍റെ നടപടിക്രമങ്ങൾ ആളുകൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്, യുവതിയുടെ ഭർത്താവ് സമീപിച്ചപ്പോൾ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു, വൃക്ക സ്വീകരിക്കുന്നവരോട് യുവതി 20 ലക്ഷം ആവശ്യപ്പെട്ടു, ഇത് നൽകാതിരുന്നപ്പോൾ പരാതിയുമായി എത്തിയിരിക്കുകയാണ്, തന്‍റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ്.” – ബെന്നി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം അവയവദാനത്തിന് നിർബന്ധിക്കുകയും വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ നൽകാമെന്ന് ഇടനിലക്കാരൻ വാ​ഗ്ദാനം ചെയ്തിരുന്നതായും ആരോപിച്ച് യുവതി രംഗത്ത് വന്നത്. ബെന്നിയാണ് അവയവ ദാനത്തിനായി തന്നെ നിർബന്ധിച്ചതെന്നും യുവതിയുടെ ഭർത്താവിന്റെ വൃക്ക ഇത്തരത്തിൽ ബെന്നി ഇടനില നിന്ന് 2014 ൽ ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.

“ഭർത്താവും വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു. മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കിട്ടുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം ബെന്നിയും ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി അവയവദാനത്തിനുവേണ്ടിയുള്ള ടെസ്റ്റുകൾ നടത്തിച്ചിരുന്നു. തന്നെ കുടുക്കാൻ നോക്കിയതോടെ പരിചയക്കാരനായ സിനോജ് എന്നയാളെ വിവരം അറിയിക്കുകയും ഇദ്ദേഹവും സുഹൃത്തുമെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു” – എന്നായിരുന്നു കഴിഞ്ഞ ദിവസം യുവതി പറഞ്ഞിരുന്നത്.

അതേസമയം യുവതിയുടെ വാദങ്ങള്‍ പോലീസ് മുഴുവനായും വിശ്വാസത്തിലെടുത്തിരുന്നില്ല. ഇടനിലക്കാരുമായുണ്ടായ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് യുവതിയെ വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഇതിലേക്കുള്ള കൂടുതല്‍ സൂചനകളാണ് ബെന്നിയും നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles