Monday, May 20, 2024
spot_img

മദ്രാസ് ഐഐടിയിൽ പീഡനശ്രമം; ഹോസ്റ്റലിലേക്കു മടങ്ങുന്ന വഴിയിൽ നിര്‍മാണ തൊഴിലാളി ആക്രമിച്ചെന്ന് വിദ്യാർത്ഥിനി

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിക്കുനേരെ പീഡനശ്രമം. കഴിഞ്ഞ ഞായറാ‌ഴ്‌ച വൈകിട്ടു ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ നിര്‍മാണത്തൊഴിലാളി ആക്രമിച്ചെന്നാണു പരാതി. സംഭവത്തില്‍ ഐഐടി അധികൃതര്‍ അന്വേഷണം തുടങ്ങിയെങ്കിലും പരാതി ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല.

പെണ്‍കുട്ടിയുടെ സുഹൃത്ത് സംഭവം നടന്നു രണ്ടുദിവസത്തിനു ശേഷമാണ് സ്റ്റുഡന്റ് ഡീന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു വിദ്യാര്‍ഥിനി സൈക്കിളില്‍ ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്നു. പുതിയ അക്കാദമിക് ബ്ലോക്കിനും ആശുപത്രിക്കും ഇടയിലെ ഇടറോഡില്‍വച്ച് നിര്‍മാണത്തൊഴിലാളിയെന്നു തോന്നിപ്പിക്കുന്നയാള്‍ ആക്രമിച്ചു. സൈക്കിളില്‍നിന്നു തള്ളി താഴെയിട്ട്, കടന്നുപിടിക്കുകയായിരുന്നു.

ഏറെ നേരത്തേ ശ്രമത്തിനൊടുവില്‍ അവിടെ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥിനി പേടിച്ചരണ്ട്, ചോരയൊലിപ്പിക്കുന്ന മുറിവുകളുമായാണ് ഹോസ്റ്റലില്‍ എത്തിയത്. പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം. സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.

മുന്നൂറിലേറെ വരുന്ന നിര്‍മാണത്തൊഴിലാളികളുടെ ഫോട്ടോകളില്‍നിന്നു പ്രതിയെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് അന്നേദിവസം രാത്രി ജോലിയിലുണ്ടായിരുന്ന 35 പേരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. ആക്രമണത്തിനിരയായ വിദ്യാര്‍ഥിനിക്കു പൊലീസില്‍ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നാണു ഐഐടിയുടെ വിശദീകരണം.

Related Articles

Latest Articles