ആലുവ: ട്രെയിനിനു മുന്നിൽ ചാടി യുവതി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയില്‍ ച്ചാടി മരിച്ചു. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മഞ്ജു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി.
കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു മഞ്ജു. ഇന്നലെ വൈകീട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ സംസാരിച്ച മഞ്ജു റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലില്‍ ആയിരുന്നു ശ്രീകാന്ത്. ഇയാള്‍ ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ശ്രീകാന്തിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെടുത്തത്.

