രാജ്യത്തിന്റെ പോരാട്ടചരിത്രം അഗ്നിസ്മരണയായി അരനൂറ്റാണ്ട് ജ്വലിച്ച അമർ ജവാൻ ജ്യോതി ഇനി ഇന്ത്യാഗേറ്റിലില്ല. രാജ്യത്തിനായി രക്തസാക്ഷിത്വംവരിച്ച ധീരജവാന്മാർക്കുള്ള ആദരമായി അണയാതെ കത്തിയിരുന്ന ഈ ജ്വാല ഇന്ത്യാഗേറ്റിന് 400 മീറ്റർ ദൂരത്തുള്ള പുതുതായി നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിൽ കെടാതെ നിൽക്കുന്ന അഗ്നിനാളങ്ങളിൽ ലയിപ്പിച്ചു. സംയോജിത പ്രതിരോധസേന തലവൻ എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ അധ്യക്ഷതവഹിച്ച ചടങ്ങിലായിരുന്നു സ്മരണജ്വാലകളുടെ ലയനം. അമർ ജവാൻ ജ്യോതിയിലെ ജ്വാല പ്രത്യേക ദീപശിഖയിൽ ഏറ്റുവാങ്ങി സൈനിക ഘോഷയാത്രയോടെ യുദ്ധസ്മാരകത്തിലെ അഗ്നിനാളങ്ങളിൽ പകരുകയായിരുന്നു. ഒന്നാംലോകയുദ്ധത്തിലും 1919-ലെ മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും വീരമൃത്യുവരിച്ച 84,000 ഇന്ത്യൻ പട്ടാളക്കാരുടെ ഓർമയ്ക്കായി ബ്രിട്ടീഷ് സർക്കാർ നിർമിച്ചതാണ് 42 മീറ്റർ ഉയരമുള്ള ഇന്ത്യാഗേറ്റ്. ഇവിടെ, 1971-ലെ പാകിസ്താനുമായുള്ള യുദ്ധവിജയത്തിനുശേഷം ഇന്ദിരാഗാന്ധി സർക്കാർ അമർ ജവാൻ ജ്യോതി സ്ഥാപിച്ചു. രക്തസാക്ഷികളായ 3843 ഇന്ത്യൻ പട്ടാളക്കാരുടെ സ്മരണ നിലനിർത്താനായിരുന്നു ഈ അനശ്വരജ്വാല. 1972 ജനുവരി 26-നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമർ ജവാൻ ജ്യോതി ഉദ്ഘാടനംചെയ്തത്. ഔദ്യോഗിക സൈനികച്ചടങ്ങുകളിൽ മൂന്ന് സൈനികമേധാവികളും ഇവിടെയെത്തി ശ്രദ്ധാഞ്ജലിയർപ്പിക്കുന്നത് പതിവായി. എല്ലാവർഷവും റിപ്പബ്ലിക് ദിനാഘോഷം തുടങ്ങുന്നതിനുമുമ്പ് പ്രധാനമന്ത്രിമാരും ഇവിടെയെത്തി ആദരമർപ്പിക്കാറുണ്ട്. അമർ ജവാൻ ജ്യോതിയിൽ അണയാത്ത നാല് ജ്വാലകളാണുള്ളത് . ഈ കെടാവിളക്കുകളാണ് രാജ്യം പുതുതായി നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റിയത്. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചതാണ് ദേശീയ യുദ്ധ സ്മാരകം.രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീരയോദ്ധാക്കൾക്കുള്ള നാടിന്റെ ആദരവാണിത് . രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്ന ധീരസൈനികരെ ആദരിക്കാൻ ഉചിതമായ സ്മാരകം, രാജ്യ സംരക്ഷണത്തിനായി സ്വജീവൻ ത്യജിച്ച എല്ലാ പോരാളികൾക്കുമുള്ള ആദരവാണ് ആ യുദ്ധസ്മാരക സമർപ്പണത്തിലൂടെ പൂർത്തീകരിക്കപ്പെട്ടത്. അമർ ജവാൻ ജ്യോതിയ്ക്കു സമീപത്തായി ഡൽഹിയിലാണ് പുതിയ സ്മാരകവും. രാജ്യത്തിന്റെ പോരാളികൾക്കുള്ള ഈ ആദരത്തെ അഭിമാനത്തോടെയാണ് മുഴുവൻ ജനതയും സ്വീകരിച്ചത്. നാൽപതു ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ നിർമാണവും സവിശേഷതകൾ നിറഞ്ഞതാണ്. മഹാഭാരതത്തിലെ ചക്രവ്യൂഹത്തിനോട് സമാനമായ നിർമിതിയാണ്. ഏകകേന്ദ്രീകൃതമായ നാലു ചക്രങ്ങൾ, ആദ്യ ചക്രത്തിന്റെ പേര് ‘അമർ ചക്ര’ എന്നാണ്. വീരന്മാരുടെ അനശ്വരതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ‘വീർ ചക്ര’ എന്ന രണ്ടാം ചക്രം, ജവാന്മാരുടെ ധീരതയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. മൂന്നാം ചക്രത്തിനു യോദ്ധാക്കളുടെ ത്യാഗത്തെ മാനിച്ചുകൊണ്ട് പേരു നൽകിയിരിയ്ക്കുന്നതു ‘ത്യാഗ് ചക്ര’ എന്നാണ്. അവസാനത്തേതിനു, ‘രക്ഷക് ചക്ര’ എന്നാണ് പേര്. കാവൽ, സംരക്ഷണം എന്നതിനെ സൂചിപ്പിക്കുന്നു നാലാം ചക്രം. പരംവീര ചക്ര നേടിയ 21 പോരാളികളുടെ പ്രതിമകളും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി ജീവൻ നൽകിയ 25942 സൈനികരുടെ പേരും റാങ്കും റെജിമെന്റുകളും 16 ചുവരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1947 – 1948 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം, 1961ലെ ഗോവയെ ഇന്ത്യയോട് യോജിപ്പിക്കൽ, 1962 ലെ ഇന്ത്യ- ചൈന യുദ്ധം, 1965 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം, 1971 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം, 1987, 1987 – 1988 ലെ ഓപ്പറേഷൻ പവൻ, 1999 കാർഗിൽ യുദ്ധം, ഓപ്പറേഷൻ രക്ഷക് എന്നിവയിൽ വീരചരമം പ്രാപിച്ച സൈനികരുടെ പേരും വിശദംശങ്ങളുമാണ് ദേശീയ യുദ്ധസ്മാരകത്തിന്റെ ചുവരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 176 കോടി രൂപ മുടക്കിയാണ് ദേശീയ യുദ്ധ സ്മാരകത്തിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. 1971 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ സ്മരണ പേറുന്ന അമർ ജവാൻ ജ്യോതിയ്ക്കു സമീപത്തായാണ് ദേശീയ യുദ്ധ സ്മാരകവും സ്ഥിതി ചെയ്യുന്നത്. സ്മാരകത്തിൽ ദീപം തെളിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം രാഷ്ട്രത്തിനു സമർപ്പിച്ചത്. ആ യുദ്ധ സ്മാരകത്തിലേക്കാണ് ഇപ്പോൾ രാജ്യത്തിന്റെ സർവ്വ ആദരങ്ങളും നൽകി അമർ ജവാൻ ജ്യോതിയും മാറ്റിയിരിക്കുന്നത്.

