Friday, May 3, 2024
spot_img

സിദ്ധുവിനെ തെറിപ്പിക്കാൻ കരു നീക്കി അമരീന്ദർ ; പഞ്ചാബിൽ കോൺഗ്രസ് രാഷ്ട്രീയം പൊട്ടിത്തെറിയിലേക്ക്

ഛണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതിന്റെ ഫലമായി മന്ത്രി നവജ്യോത് സിംഗ് സിദ്ദു കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപെട്ട് എടുത്തുമാറ്റി. തദ്ദേശ ഭരണ വകുപ്പാണ് സിദ്ദുവിൽനിന്ന് മാറ്റിയത്. വകുപ്പ് സിദ്ദുവില്‍ നിന്ന് മാറ്റാൻ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സിദ്ദു മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുകയും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ നടപടി.

സിദ്ദു കൈകാര്യം ചെയ്തിരുന്ന ഏറ്റവും പ്രധാന വകുപ്പുകളിലൊന്നാണ് തദ്ദേശ ഭരണം. തദ്ദേശ വകുപ്പിനുപുറമെ ടൂറിസം സാംസ്‌കാരിക വകുപ്പുകളും സിദ്ധുവാണ് കൈകാര്യം ചെയ്തിരുന്നത്. തല്‍ക്കാലം മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തന്നെ തദ്ദേശ ഭരണ വകുപ്പ് കൈവശം വയ്ക്കും. വകുപ്പ് പോയെങ്കിലും ക്യാബിനറ്റ് പദവിക്ക് തല്‍ക്കാലം മാറ്റമില്ല.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന നേതാവാണ് സിദ്ദു. ഏതാനും നാളുകളായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി സിദ്ധു കടുത്ത ഭിന്നതയിലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിദ്ധുവിന്റെ ഭാര്യയ്ക്ക് പ്രതീക്ഷിച്ച സീറ്റ് നഷ്ടമായതോടെ ഭിന്നത രൂക്ഷമായി. അത് മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ എത്തി.

അതേസമയം സിദ്ദുവിന്റെ മന്ത്രിയെന്ന നിലയിലുള്ള മോശം പ്രകടനവും പാക്ക് അനുകൂല പ്രസ്താവനകളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരച്ചടിയായതെന്ന് അമരീന്ദര്‍ സിംഗ് കുറ്റപ്പെടുത്തി.

Related Articles

Latest Articles