ദില്ലി: അമർനാഥ് തീർത്ഥാടനത്തിനായി എത്തുന്ന യാത്രികർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നോ പാക് അധീനതക്ക് കീഴിലുള്ള കശ്മീരിൽ നിന്നോ ജമ്മു കശ്മീരിലേക്ക് അഞ്ചംഗ ഭീകര സംഘം കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബടാപോറയെയും സോനാമാർഗിനെയും ബന്ധിപ്പിക്കുന്ന റോഡിൽ തീർത്ഥാടകർക്ക് നേരെ ഭീകര സംഘം ഗ്രനേഡ് ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. സമാനമായ റിപ്പോർട്ടുകൾ മുമ്പും ലഭിച്ചിരുന്നു. അതിനാൽ തന്നെ പഴുതടച്ച സുരക്ഷയാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നൽകുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ പോലീസിനെ ഉൾപ്പെടെ ലക്ഷ്യംവെച്ച് ആക്രമണം നടത്താൻ ലഷ്‌കർ, ജെയ്‌ഷെ ഭീകരർക്ക് നിർദേശം നൽകിയതായും സൂചനയുണ്ട്.
വിശ്വപ്രസിദ്ധമായ അമർനാഥ് തീർത്ഥാടന യാത്ര ജൂൺ 30നാണ് ആരംഭിച്ചത്. സിആർപിഎഫ്, ഇന്തോ ടിബറ്റൻ ബോർഡർ ജവാന്മാർ എന്നിവരുടെ അകമ്പടിയോടെ കനത്ത സുരക്ഷയിൽ 2750 തീർത്ഥാടകരെയാണ് അധികൃതർ ആദ്യ ഘട്ട സംഘമായി നിശ്ചയിച്ചത്.

