Monday, October 12, 2026

കാമുകൻ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് സ്വർണ്ണവും പണവും ബൈക്കും; പിന്നാലെ യുവതി ആത്മഹത്യ ചെയ്തു, ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

ഓയൂർ: കാമുകൻ വിവാഹം കഴിക്കാൻ സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയും അനീഷും തമ്മിൽ പ്രണയത്തിലായിരുന്നു. അനീഷ് ബന്ധുക്കൾക്കൊപ്പം എത്തിയാണ് വിവാഹാലോചന നടത്തിയതും വിവാഹം നിശ്ചയിച്ചതും.

ചില സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ പെട്ടെന്ന് വിവാഹം നടത്താൻ സാധിക്കില്ലെന്ന് യുവതി‌യു‌ടെ വീട്ടുകാർ അറിയിച്ചു. എന്നാൽ ലളിതമായ ചടങ്ങ് നടത്തിയാൽ മതിയെന്നും ആറ് മാസത്തിനുള്ളിൽ വിവാഹം വേണമെന്നും അനീഷും കുടുംബവും പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹം തീരുമാനിച്ചു കഴിഞ്ഞതോടെ അനീഷ് യുവതിയോട് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടു. ഇതും പറഞ്ഞ് ഫോൺ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. പണവും സ്വർണവും പുതിയ ബൈക്കുമാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്.

തുടർന്ന് ഏപ്രിൽ 27 ന് വീട്ടിലെ കിടപ്പു മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൂയപ്പള്ളി പോലീസ് യുവാവിനെതീരെ കേസെടുത്തു. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒളിവിൽപോയ അനീഷിനെ പൂയപ്പള്ളി ഇൻസ്പെക്ടർ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles