Sunday, January 11, 2026

റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണം’; ‘നരേന്ദ്ര മോദി കരുത്തുറ്റ നേതാവ്; പുടിനുമായി സംസാരിക്കണം’; അഭ്യർത്ഥനയുമായി യുക്രൈൻ

ദില്ലി: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഭാരതത്തോട് ആവശ്യപ്പെട്ട് യുക്രൈൻ. റഷ്യയുടേത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്നും യുക്രൈൻ സ്ഥാനപതി ഇഗോർ പൊലിഖ ആവശ്യപ്പെട്ടു.

‘ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തിൽ ഒന്ന് ചിന്തിക്കാനെങ്കിലും പുടിൻ തയാറാകുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുകയാണ്. ലോകത്തിലെ ഏറ്റവും കരുത്തുള്ള ബഹുമാനിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്‌ നരേന്ദ്രമോദി. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം.’- യുക്രൈൻ സ്ഥാനപതി പറഞ്ഞു.

അതേസമയം മാസങ്ങള്‍ നീണ്ട അധിനിവേശഭീഷണിക്കൊടുവിലാണ് യുക്രൈനെതിരായ റഷ്യയുടെ ഇന്നത്തെ ആക്രമണം. തലസ്ഥാനമായ കീവിനു സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായി. കീവില്‍ നിന്ന് ജനം പാലായനം ചെയ്യുകയാണ് ഇപ്പോൾ. ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ യുക്രൈൻ അധികൃതർ നിര്‍ദേശം നൽകിട്ടുണ്ട്. കടകളിലും എടിഎമ്മുകളിലും മരുന്നുകടകളിലും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടിരിക്കുകയാണ്. കിഴക്കന്‍ യുക്രൈനിൽ സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതിന് പിന്നാലെ യുക്രൈൻ നഗരങ്ങളില്‍ ആക്രമണുണ്ടായി.

എന്നാൽ റഷ്യന്‍ അധിനിവേശം തുടങ്ങിയെന്നും ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും പുടിന്‍ യുക്രൈൻ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈൻ അറിയിച്ചു.

എന്നാൽ റഷ്യയുടെ 6 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. ലുഹാൻസ്ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്. റഷ്യന്‍ അധിനിവേശം തടയാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം നടക്കുന്നതിനിടെയാണ് സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സൈനിക നടപടിക്കുളള പുടിന്‍റെ പ്രഖ്യാപനം.

Related Articles

Latest Articles