ന്യൂയോർക്ക്: സെപ്റ്റംബർ 22-ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് പരിപാടിക്ക് കനത്ത ബുക്കിംഗ് തുടരുന്നു. ഇതുവരെ ഇരുപത്തയ്യായിരത്തിലധികം പേരാണ് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബുക്ക് ചെയ്തിട്ടുള്ളത്. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ പരിധിയേക്കാൾ കൂടുതൽ പേർ പരിപാടിയിൽ പങ്കെടുത്തേക്കും എന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ പ്രത്യേക സീറ്റിംഗ് സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.
ന്യൂയോർക്കിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിലാണ് ‘മോദി & യു എസ്’ പ്രോഗ്രസ് ടുഗതർ’ പരിപാടി നടക്കുന്നത്. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ഇൻഡോ-അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് യുഎസ്എ (ഐഎസിയു) ആണ് പ്രധാനമന്ത്രിയുടെ പരിപാടി ഏകോപിപ്പിക്കുന്നത്. യുഎസിലെ 42 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കക്കാർ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് പുറമേ, ബിസിനസ്, ശാസ്ത്രം, വിനോദം, കല എന്നിവയിലെ പ്രമുഖ ഇന്ത്യൻ-അമേരിക്കക്കാരുടെ സാംസ്കാരിക പ്രകടനങ്ങളും പരിപാടിയിൽ ഉണ്ടാകും. സെപ്റ്റംബർ 22ന് ന്യൂയോർക്കിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷം സെപ്റ്റംബർ 26 ന് യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

