Saturday, January 10, 2026

അമേരിക്ക ശത്രുരാജ്യങ്ങളുടെ എടിഎമ്മായി മാറില്ല!
പാകിസ്ഥാനടക്കം ശത്രുരാജ്യങ്ങൾക്ക് ധനസഹായം കൊടുക്കുന്നത് നിർത്തലാക്കും !!
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി

വാഷിങ്ടൻ : പാകിസ്ഥാനും ഇറാഖിനും അമേരിക്ക ധനസഹായം നൽകുന്നതിനെ അതിരൂക്ഷമായി വിമർശിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹേലി രംഗത്ത് വന്നു.

അമേരിക്ക മോശം ആൾക്കാർക്ക് പണം നൽകുകയാണെന്നും ദശലക്ഷക്കണക്കിന് പണമാണ് പാകിസ്ഥാൻ, ഇറാഖ്, സിംബാബ്‌വെ എന്നീ രാജ്യങ്ങൾക്കായി നൽകിയതെന്നും കരുത്തുറ്റ അമേരിക്കയെ ശത്രുരാജ്യങ്ങളുടെ എടിഎമ്മായി മാറാൻ അനുവദിക്കില്ലെന്നും നിക്കി ഹേലി പറഞ്ഞു.

“നമ്മളെ വെറുക്കുന്ന രാജ്യങ്ങൾക്ക് ഒരു സെന്റ് നൽകുന്നത് പോലും അംഗീകരിക്കാനാകില്ല . ജനം കഠിനാധ്വാനം ചെയ്തു സർക്കാരിലേക്ക് നൽകുന്ന പണം ഇങ്ങനെ ശത്രു രാജ്യങ്ങളിൽ പാഴായിപ്പോകാൻ അഭിമാനമുള്ള അമേരിക്കക്കാരൻ അനുവദിക്കില്ല. നമ്മുടെ വിശ്വാസം ആർജിക്കേണ്ട പല നേതാക്കളും ശത്രുനിലപാടുകൾക്കൊപ്പം നിൽക്കുന്നു. നികുതിയായി ഓടിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും അറിയാൻ നികുതിദായകർക്ക് അവകാശമുണ്ട്. ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാകിസ്ഥാന് പണം നൽകുന്നത് ബൈഡൻ ഭരണകൂടം പുനഃരാരംഭിച്ചു. നിരവധി ഭീകര സംഘടനകളുടെ ഈറ്റില്ലമാണ് പാകിസ്ഥാൻ. 2 ബില്യൻ ഡോളർ സഹായം പാകിസ്ഥാൻ സൈന്യത്തിന് നൽകുന്ന നടപടി, മുൻപ്രസിഡന്റ് ട്രംപ് നിർത്തലാക്കിയിരുന്നു. അത് രാജ്യത്തെ നികുതിദായകരുടെയും അമേരിക്കൻ സൈന്യത്തിന്റെയും വിജയമായിരുന്നു. എന്നാൽ ഇന്ന് അവർക്ക് പല രീതിയിലും സഹായം നൽകുന്നത് ബൈഡൻ ഭരണകൂടം തുടരുകയാണ്. താൻ പ്രസിഡന്റായാൽ ഒരു പെന്നി പോലും ഇവർക്ക് അനുവദിക്കില്ല” – ഹേലി പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ നിലവിൽ മൂന്നാമതാണ് ഇന്ത്യൻ വംശജയായ നിക്കി ഹേലി. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഒന്നാമത്. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസാണ് രണ്ടാമത്. 51കാരിയായ നിക്കി രണ്ട് തവണ സൗത്ത് കാരലിന മേയറായിരുന്നു.

Related Articles

Latest Articles