പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണത്തിന് കൊൽക്കത്തയിൽ തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തെ വിമർശിച്ചുകൊണ്ട് ബിജെപി തയ്യാറാക്കിയ ‘ചാർജ്ഷീറ്റ്’ അദ്ദേഹം പുറത്തിറക്കി. ഭയത്തിന്റെ രാഷ്ട്രീയമാണോ അതോ വിശ്വാസത്തിന്റെ രാഷ്ട്രീയമാണോ വേണ്ടതെന്ന് ബംഗാളിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ തീരുമാനിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സുവേന്ദു അധികാരി, സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ ഈ കടന്നാക്രമണം.
സംസ്ഥാനത്തെ നുഴഞ്ഞുകയറ്റമാണ് തന്റെ പ്രസംഗത്തിൽ അമിത് ഷാ പ്രധാനമായും ഉന്നയിച്ചത്. മമത ബാനർജി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അസം മാതൃകയിൽ ബംഗാളിലും നുഴഞ്ഞുകയറ്റം പൂർണ്ണമായും തടയുമെന്നും അദ്ദേഹം ഉറപ്പുനൽകി. വോട്ടർ പട്ടികയിൽ കടന്നുകൂടിയ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ഇത് ദേശീയ സുരക്ഷയുടെ കൂടി പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായങ്ങളുടെ ശ്മശാനമായി ബംഗാളിനെ മാറ്റിയ തൃണമൂൽ സർക്കാർ ‘കട്ട് മണി’ ഭരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമത ബാനർജിയുടെ ‘ഇരവാദം’ ഇനി ബംഗാളിൽ ചെലവാകില്ലെന്നും ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അമിത് ഷാ പരിഹസിച്ചു. ഒബിസി വിഭാഗത്തിൽ മുസ്ലിം സമുദായങ്ങളെ വ്യാപകമായി ഉൾപ്പെടുത്തിയതിനെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണുമ്പോൾ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ‘സോനാർ ബംഗ്ല’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

