Sunday, May 19, 2024
spot_img

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ഇന്ന് കശ്മീർ മണ്ണിൽ; ഭീകരാക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദർശിക്കും; കനത്ത സുരക്ഷ

ശ്രീനഗർ: അമിത് ഷാ ഇന്ന് കശ്മീരിന്റെ മണ്ണിൽ (Amit Shah Visits Kashmir). സുപ്രധാനമായ ജമ്മു കശ്മീർ സന്ദർശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറിൽ എത്തും. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ സുരക്ഷാ-വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും പ്രധാനമായും അമിത്ഷാ പങ്കെടുക്കുക. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ സന്ദർശനം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനം കൂടിയാണിത്. പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേവലം ഔദ്യോഗികമായത് എന്നതിലുപരി വലിയ മാനങ്ങൾ ഉള്ളതാണ് അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായി താഴ്വരയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ശ്രീനഗറിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. സുരക്ഷാ അവലോകന യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. കനത്ത സുരക്ഷയാണ് അമിത് ഷായ്‌ക്കായി ഒരുക്കിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലാണ് സന്ദർശന കാലത്തെ സുപ്രധാന ഔദ്യോഗിക പരിപാടി. വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി സാഹചര്യങ്ങൾ വിലയിരുത്തും. അതേസമയം ഗുപ്കർ റോഡിലെ രാജ്ഭവനിലാണ് മുന്ന് ദിവസവും ആഭ്യന്തരമന്ത്രി താമസ്സിയ്ക്കുക. ഇതിന്റെ ഭാഗമായി രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷയാണ് സംയുക്ത സേന ഒരുക്കിയിരിക്കുന്നത്. അമിത് ഷാ സന്ദർശനം നടത്തുന്ന ജവഹർ നഗറിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അർധസൈനിക സേനയെ മേഖലയിൽ വിന്യസിച്ചു. ഷാർപ്പ് ഷൂട്ടർമാരെയും സ്നൈപ്പർമാരെയും നിയോഗിച്ചതിന് പുറമേ ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും എർപ്പെടുത്തി.കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കഴി‍ഞ്ഞ ആഴ്ചകളിൽ പതിനൊന്നോളം സാധാരണക്കാർ ഇവിടെ ഭീകരവാദികളാൽ കൊല്ലപ്പെട്ടിരുന്നു. സന്ദർശനത്തിൻ്റെ ആദ്യ ദിവസമായ ഇന്ന് ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. ശേഷം കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദർശിക്കും.

Related Articles

Latest Articles