ദില്ലി: രാജ്യാതിർത്തിയിലെ സുരക്ഷ നേരിട്ട് വിലയിരുത്താനും സൈനികരെ സന്ദർശിക്കാനും തയാറെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബർ നാലിനും അഞ്ചിനുമാണ് അമിത് ഷായുടെ സന്ദർശനം.
രാജസ്ഥാനിലെ ഇന്ത്യ -പാക് അതിർത്തിയിലെ ബിഎസ്എഫ് ബോർഡർ ഔട്ട്‌പോസ്റ്റിൽ ഒരു ദിവസം തങ്ങുന്ന അദ്ദേഹം നൈറ്റ് പട്രോളിങ് ഉൾപ്പെടെ നേരിട്ട് വിലയിരുത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .
ഡിസംബർ നാലിന് ജെയ്‌സാൽമറിലെത്തുന്ന അദ്ദേഹം അതിർത്തിയിൽ സംരക്ഷണം നൽകുന്ന ബിഎസ്എഫ് സൈനികരുമായി സംവദിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഒപ്പം ബിഎസ്എഫിന്റെ നൈറ്റ് പട്രോളിങ് അടക്കം അദ്ദേഹം നേരിട്ട് പരിശോധിക്കും.
ഡിസംബർ അഞ്ചിന് രാവിലെ ബിഎസ്എഫിന്റെ റെയ്‌സിങ് ഡേ പരിപാടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം ജയ്പൂരിലേക്ക് മടങ്ങുക. അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങളും ആയുധക്കടത്ത് ശ്രമങ്ങളും വർദ്ധിച്ചുവരുന്നതായ റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷാ അതിർത്തി ഔട്ട്‌പോസ്റ്റിൽ നേരിട്ട് സന്ദർശനത്തിന് എത്തുന്നത്.
മാത്രമല്ല ജയ്പൂരിൽ ബിജെപി കാര്യകർത്താക്കളുമായി അമിത് ഷാ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്താൻ യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.

