ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചെന്നൈ ഐ.ഐ.ടിയിൽ ‘ഐ.ഐ.ടി-എം ഗ്ലോബൽ റിസർച്ച് ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് പാകിസ്ഥാനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദം മനഃപൂർവ്വം തുടരാനാണ് ഒരു രാജ്യം തീരുമാനിക്കുന്നതെങ്കിൽ, സ്വന്തം ജനതയെ സംരക്ഷിക്കാൻ ഭാരതത്തിന് അവകാശമുണ്ടെന്നും അതിനായി എന്ത് നടപടി സ്വീകരിക്കണമെന്നത് രാജ്യത്തിൻ്റെ മാത്രം തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങൾക്ക് മുൻപ് നല്ല അയൽപക്ക ബന്ധം മുൻനിർത്തിയാണ് ജലം പങ്കുവെക്കാൻ ഇന്ത്യ തയ്യാറായത്. എന്നാൽ ദശാബ്ദങ്ങളായി ഭീകരവാദം തുടരുന്ന ഒരു രാജ്യത്തിന് അത്തരം പരിഗണനകൾക്ക് അർഹതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു വശത്ത് ഭീകരവാദം തുടരുകയും മറുവശത്ത് ജലം പങ്കുവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഭീകരതയുടെ പാത പിന്തുടരുന്നവർക്ക് സൗഹൃദത്തിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല,” ജയശങ്കർ പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇന്ത്യ എപ്പോഴും സഹായഹസ്തമാണ് നീട്ടിയിട്ടുള്ളതെന്നും ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും കോവിഡ് കാലത്തും നടത്തിയ ഇടപെടലുകൾ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽരാജ്യങ്ങൾക്കും ഇന്ത്യയുടെ വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അടുത്തിടെ നടത്തിയ ബംഗ്ലാദേശ് സന്ദർശനത്തിൻ്റെ സന്ദേശം ഇതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതി നേരിട്ട വിവേചനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ ഇത്തരം നടപടികൾ അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും അദ്ദേഹം മറുപടി നൽകി. ഇന്ത്യയെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ രാജ്യം സജ്ജമാണെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം സംവാദം അവസാനിപ്പിച്ചത്.

