ശ്രീനഗർ :ഇന്ന് രാവിലെ പത്തുമണിയോടെയാണ് പൂഞ്ച് സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. പീർപഞ്ചൽ താഴ്‌വരയിൽ ഭീകരരുടെ സാന്നിധ്യം ആദ്യം സൈന്യം സ്ഥിരീകരിക്കുകയും പിന്നീട് ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. രണ്ട് എകെ-47 തോക്കുകൾ, ഒരു പിസ്റ്റൾ എന്നിവ സൈന്യം കണ്ടെടുത്തു. ഭീകരർ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി.
കൂടുതൽ ഭീകരർ ഉണ്ടാവുമെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുകയാണ്.നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം സേന തടഞ്ഞിരിക്കുകയാണ്. അതേസമയം, കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ബിഹാർ, നേപ്പാൾ സ്വദേശികൾക്ക് പരുക്കേറ്റു. ഇരുവരും അനന്ത്‌നാഗിലെ ബോണ്ടിയാൽഗാം പ്രദേശത്തെ സ്വകാര്യ സ്‌കൂളിലാണ് ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

