Monday, June 17, 2024
spot_img

അധിനിവേശ ശക്തികളുടെ ആക്രമണത്തിന് അന്ത്യം ! ഭാരതവും അയോദ്ധ്യയും പ്രതാപം വീണ്ടെടുത്തു ; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ

തൃശ്ശൂർ : അധിനിവേശ ശക്തികളുടെ ആക്രമണത്തിന് ശേഷം ഭാരതവും അയോദ്ധ്യയും തിരിച്ചു വരികയാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. പുണ്യങ്ങളുടെ വർ‌ഷമാണ് തനിക്കി‌തെന്നും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാ​ഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ചേർപ്പിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്‌ക്ക് പോകാൻ സാധിച്ചതാണ് വലിയ പുണ്യമായി കരുതുന്നത്. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മര്യാദ പുരുഷോത്തമനായ ശ്രീരാമൻ തിരിച്ച് വന്നിരിക്കുകയാണ്. ഒപ്പം അധിനിവേശ ശക്തികളുടെ ആക്രമണങ്ങളെ ചെറുത്ത് ഭാരതവും തിരിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 500 വർഷങ്ങൾക്ക് മുൻപ് ഭാരതം എന്തായിരുന്നു എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഭാരതത്തിന് അന്ന് ഇക്കണോമിക് പവറുണ്ടായിരുന്നു. പിന്നീട് അധിനിവേശ ശക്തികളുടെ ആക്രമണം ഉണ്ടാവുകയും അവിടെ നിന്നും തിരിച്ചുവരവിന്റെ കാലഘട്ടത്തിലൂടെയാണ് ഇന്ന് ഭാരതം നീങ്ങുന്നതെന്നും ഡോ. മോഹനൻ കുന്നുമ്മൽ കൂട്ടിച്ചേർത്തു.

അതേസമയം, ആ തിരിച്ചുവരവിൽ ക്ഷേത്രങ്ങളും തിരിച്ച് കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഒരു ഗ്രാമത്തിന്റെ കേന്ദ്ര ബിന്ദുവാണ് ക്ഷേത്രം. ഒരു ഗ്രാമത്തിന്റെ എല്ലാ കാര്യങ്ങളിലും വളർച്ചയുണ്ടാകുന്നത് ക്ഷേത്രങ്ങളിൽ നിന്നാണ്. ഒരു സംസ്‍കാരത്തെ തകർക്കാനാണ് അധിനിവേശ ശക്തികൾ അന്നത്തെ കാലത്ത് ക്ഷേത്രങ്ങൾ തകർത്തത്. ക്ഷേത്രങ്ങൾ നിലനിൽക്കേണ്ടതും സംരക്ഷിക്കേണ്ടതും അനിവാര്യമാണെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഭാരതം മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. സാമ്പത്തിക ശക്തികളിൽ അഞ്ചാമതാണ് ഭാരതം. കൂടാതെ ഏറ്റവും കൂടുതൽ യുവജനതയുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്. അതുകൊണ്ടാണ് ഏറ്റവും വലിയ ശക്തിയായി ഭാരതം മാറുമെന്ന് പറയുന്നത്. സംസ്കാരത്തിന് കോട്ടം സംഭവിക്കാത്ത വിധത്തിലുള്ള മാറ്റമാണ് വേണ്ടത്. മനുഷ്യനും പ്രപഞ്ചവും എല്ലാത്തിനെയും ഒന്നായി കണ്ട് വസുദൈവ കുടുംബകം എന്ന മഹത്തായ സംസ്കാരമാണ് നമ്മുടേത്. അങ്ങനെയുള്ള സംസ്കാരം നില നിൽക്കേണ്ടത് ഈ പ്രപഞ്ചത്തിന്റെ ആവശ്യമാണെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Related Articles

Latest Articles