Saturday, October 17, 2026

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല ദേവിയെന്ന സ്ത്രീയാണ് 2,516 കൂര്‍ത്ത ആണികള്‍ തറച്ച കട്ടിലില്‍ കിടന്ന് പ്രാര്‍ത്ഥിക്കുന്നത്. റോസറ നഗരത്തിലെ ചൗരസ്യ തോല (വാര്‍ഡ് നമ്പര്‍ 12) എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലാണ് ഇവര്‍ ഈ കഠിനമായ വഴിപാട് നടത്തുന്നത്.

കട്ടിലില്‍ കിടക്കുന്ന ഇവരുടെ നെഞ്ചില്‍ പൂജാ കലശവും സമീപത്തായി ഒരു തൃശൂലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. നവരാത്രിയുടെ ഒന്നാം ദിനം മുതല്‍ ഇവര്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കഠിനമായ വ്രതത്തിലാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു. അസാധാരണമായ ഈ ദൃശ്യം കാണാനും ഇവരുടെ വീടിനുള്ളിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനുമായി പ്രദേശവാസികളായ നിരവധി ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്.

മധുമല ദേവിയുടെ വ്രതാനുഷ്ഠാനത്തിനായി മാത്രമായി പ്രത്യേകമായി നിര്‍മ്മിച്ചതാണ് ഈ മരക്കട്ടില്‍. നിലത്തുനിന്ന് ഏകദേശം 15 ഇഞ്ച് ഉയരവും ആറടി നീളവും മൂന്നര അടി വീതിയുമുള്ള കട്ടിലില്‍ 2,516 ആണികളാണ് തറച്ചിരിക്കുന്നത്. ഇതിലെ ഓരോ ആണിക്കും അഞ്ച് ഇഞ്ച് നീളമുണ്ട്. ആണികളുടെ മാത്രം ആകെ ഭാരം ഏകദേശം 32 കിലോഗ്രാം വരും. ഈ ആണികള്‍ക്ക് മുകളില്‍ ഒരു നേര്‍ത്ത വിരിപ്പ് ഇട്ട ശേഷമാണ് മധുമല ദേവി കിടക്കുന്നത്. കൗതുകത്തോടും ഭക്തിയോടും കൂടിയാണ് നാട്ടുകാര്‍ ഇത് കാണാനായി വീട്ടിലേക്ക് എത്തുന്നത്.

മധുമല ദേവിക്ക് ദുര്‍ഗ്ഗാദേവിയോട് കടുത്ത ഭക്തിയാണുള്ളതെന്ന് ഭര്‍ത്താവ് രഞ്ജിത് ചൗരസ്യ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് ലഭിച്ച സ്വപ്നദര്‍ശനമാണ് ഇവരുടെ ഭക്തി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ നവരാത്രിയിലും ഇവര്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും കലശം സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നവരാത്രിയുടെ ഒന്‍പതാം ദിവസം ഇവരുടെ ഒരു ആഗ്രഹം സഫലമായതായും കുടുംബം അവകാശപ്പെടുന്നു.

വീടിനുള്ളിലെ തറയ്ക്കടിയില്‍ നിന്ന് ഒരു ദുര്‍ഗ്ഗാദേവി വിഗ്രഹം പ്രത്യക്ഷപ്പെട്ടതായും കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഇതിനെത്തുടര്‍ന്നാണ് വിഗ്രഹം പ്രതിഷ്ഠിക്കാന്‍ വീടിനുള്ളില്‍ ഇവര്‍ ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ചത്. 16 വര്‍ഷം മുമ്പാണ് മധുമല ദേവിയും രഞ്ജിത് ചൗരസ്യയും വിവാഹിതരായത്. ഇവര്‍ക്ക് 14 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുമുണ്ട്. വസ്ത്രവ്യാപാരം നടത്തുന്ന രഞ്ജിത്, വിവാഹം മുതല്‍ തന്നെ ഭാര്യയ്ക്ക് ദൈവകാര്യങ്ങളില്‍ വലിയ താല്പര്യമുണ്ടായിരുന്നു എന്ന് പറയുന്നു. ഭാര്യയുടെ വ്രതാനുഷ്ഠാനത്തിന് പിന്തുണ പ്രഖ്യാപിച്ച് രഞ്ജിതും നവരാത്രി വ്രതം നോല്‍ക്കുന്നുണ്ട്. ഒരു പൂജാരിയുടെ നേതൃത്വത്തിലാണ് ഇവരുടെ കുടുംബക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നത്.

Related Articles

Latest Articles