Saturday, October 17, 2026

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച് നടന്ന സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനും ഇയാളുടെ സുഹൃത്തായ 19-കാരനുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. റോബോട്ട് പെണ്‍കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീം ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് മാര്‍വല്‍ സൂപ്പര്‍ഹീറോ ‘അയണ്‍മാന്റെ’ മാതൃകയില്‍ നിര്‍മ്മിച്ച നാലടിയോളം ഉയരമുള്ള റോബോട്ട് നടന്നെത്തുകയായിരുന്നു. റോബോട്ടിനെ ആശ്ലേഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അത് പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും കയറിപ്പിടിക്കുകയും ചെയ്തത്. ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെച്ച് പെട്ടെന്ന് പിന്നോട്ട് മാറുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ഒരു കാറിന്റെ ഡിക്കിയില്‍ നിന്നാണ് പ്രതികള്‍ ഒളിപ്പിച്ചുവെച്ച റോബോട്ടിനെ കണ്ടെത്തിയത്. റോബോട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവം വലിയ ആശങ്കയ്ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.

Related Articles

Latest Articles