Tuesday, May 14, 2024
spot_img

മണ്ണിനടിയിൽ രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ബോംബ് ! ജർമനിയിൽ 13,000 പേരെ മാറ്റിപ്പാർപ്പിച്ചു

ബർലിൻ : രണ്ടാം ലോകയുദ്ധകാലത്ത് പ്രയോഗിച്ച് പൊട്ടാതെ കിടന്ന ബോംബ് ജർമ്മനിയിൽ കണ്ടെത്തി. ഏകദേശം ഒരു ടണ്ണോളം ഭാരം വരുന്ന ബോംബാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് നിർവീര്യമാക്കുന്നതിനായി പ്രദേശത്തെ പതിമൂന്നായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തേക്കുള്ള ഗതാഗതവും അധികൃതർ നിരോധിച്ചിരിക്കുകയാണ്. ബോംബ് നിർവീര്യമാക്കാൻ എത്ര സമയം വേണ്ടിവരും എന്ന കാര്യത്തിൽ വ്യക്തതയില്ല. രണ്ടാം ലോക യുദ്ധകാലത്ത് പ്രയോഗിച്ച നിരവധി ബോംബുകൾ പതിറ്റാണ്ടുകൾക്കിപ്പുറവും ജർമനിയിൽ ഭൂമിക്കടിയിൽ സജീവമായി പൊട്ടാതെ കിടക്കുന്നുണ്ട് എന്നാണ് വിവരം.

രണ്ട് വർഷങ്ങൾക്ക് മുൻപ് മ്യൂണിക് റെയിൽവെ സ്റ്റേഷന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കവേ രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചിരുന്നു. മരണം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും നിരവധി തൊഴിലാളികൾക്ക് അന്ന് പരിക്കേറ്റിരുന്നു. 2017ൽ 1.4 ടൺ ഭാരമുള്ള ബോംബ് ഫ്രങ്ക്ഫർടിൽ കണ്ടെത്തിയിരുന്നു. ഇത് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി 65,000 പേരെയാണ് അന്ന് ഒഴിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക – ബ്രിട്ടൻ സഖ്യ സേന 2.7 മില്യൻ ഭാരം വരുന്ന ടൺ ബോംബുകളാണ് യൂറോപ്പിൽ പ്രയോഗിച്ചത്. ഇതിൽ പകുതിയും പതിച്ചത് ജർമ്മനിയിലാണ്. എന്നാൽ ഇവയിൽ എത്രയെണ്ണം പൊട്ടിയിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തമായ കണക്കുകളില്ല എന്നതാണ് വാസ്തവം.

Related Articles

Latest Articles