മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി നടി അനന്യ പാണ്ഡെ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. അനന്യയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് എൻസിബിക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വാട്ട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് അനന്യയുടെയും ആര്യന്റെയും(aryan khan) വസതികളിൽ റെയ്ഡ് നടന്നത്.
ആര്യന്‍ കഞ്ചാവ് ലഭിക്കുമോ എന്ന് ചോദിക്കുമ്പോള്‍, ശരിയാക്കാം എന്ന് അനന്യ മറുപടി കൊടുത്തിട്ടുണ്ട്. എന്നാൽ നിരോധിത ലഹരിപദാർഥങ്ങൾ അനന്യ ആര്യന് എത്തിച്ചതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.
അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയും എന്‍സിബി അനന്യയെ ചോദ്യം ചെയ്തു. വാട്‌സ് ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എത്ര തവണ ലഹരി വാങ്ങിയിട്ടുണ്ട്?, ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നല്‍കുന്നത് ആരാണ്?, ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക?, ഇതുമായി ബന്ധപ്പെട്ട സുഹൃത്തുകള്‍ ആരോക്കെ? തുടങ്ങിയ ചോദ്യങ്ങളാണ് എന്‍സിബി ചോദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച നടി അനന്യ പാണ്ഡെ ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയെന്ന ആരോപണം നിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് നർകോട്ടിക് കൺട്രോൺ ബ്യൂറോ അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ നടിയുടെ ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ എൻ.സി.ബി പിടിച്ചെടുത്തു. അതേസമയം വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

