തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പോലീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ഷൂട്ടിങ് ലോക്കേഷനില്‍ വച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.
തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യയ്ക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ തിരുവനന്തപുരം കന്റോൺമെന്‍റ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യയ്ക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

