Tuesday, October 20, 2026

മുകേഷ് അംബാനിക്കെതിരെ വീണ്ടും വധ ഭീഷണി സന്ദേശം ! ഇത്തവണ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 400 കോടി രൂപ ! റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന് നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി സന്ദേശം; ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വധ ഭീഷണിയുയർത്തിക്കൊണ്ട് വീണ്ടും അജ്ഞാതന്റെ ഭീഷണി സന്ദേശം. 400 കോടി രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ട് ഇ ഇമെയിൽ വഴിയാണ് ഇത്തവണ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. മുകേഷ് അംബാനിക്ക് നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്

നേരത്തെ ലഭിച്ച വധഭീഷണി മെയിലിൽ ആവശ്യപ്പെട്ട തുക 200 കോടിയായിരുന്നു. എന്നാൽ അയച്ച മെയിലുകളോട് പ്രതികരിക്കാത്തതിനാലാണ് മോചനദ്രവ്യം 400 കോടി രൂപയായി ഉയർത്തിയതെന്നാണ് മെയിലിൽ പറയുന്നതെന്നാണ് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിൽ ലഭിച്ചത്. പിന്നാലെ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ പോലീസിൽ പരാതി നൽകുകയും ഇതിന്മേൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിറ്റേദിവസം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിൽ ലഭിച്ചു. ഇന്നലെയാണ് 400 കോടി രൂപ ആവശ്യപ്പെട്ട് മൂന്നാമത്തെ ഇമെയിൽ ലഭിച്ചത്.

ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി മെയിലുകൾ അയച്ചയാളെ ബിഹാറിലെ ദർഭംഗയിൽ നിന്ന് കഴിഞ്ഞ വർഷം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ തകർക്കുമെന്നും അന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

Related Articles

Latest Articles