തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 11കാരൻ സിദ്ധാർത്ഥാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കിളിമാനൂർ രതീഷ്, ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാർത്ഥ്.
ഏകദേശം ഒരാഴ്ച മുന്നെയായിരുന്നു കുട്ടിക്ക് പനി കൂടുതലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കിളിമാനൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഇതിനിടെ ചെള്ളുപനിയാണെന്ന സംശയം രൂപപ്പെട്ടു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കുട്ടി മരണപ്പെട്ടത്.
നേരത്തെയും ജില്ലയിൽ രണ്ട് പേർ ചെള്ളുപനി ബാധിച്ച് മരണപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ പല മലയോര പ്രദേശങ്ങളിലും നിരവധി പേർക്ക് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചിട്ടുണ്ട്.

