Saturday, May 4, 2024
spot_img

കോഴിമുട്ട വിലയിൽ വീണ്ടും വർദ്ധന; ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നു വൻ തോതിൽ ഓർഡർ,വില 6 രൂപയ്ക്കടുത്തു

തിരുവനന്തപുരം : കോഴി മുട്ട വിലയിൽ വീണ്ടും വർദ്ധന. മൊത്തവിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് 30 പൈസ വർദ്ധിച്ച് 5.90 രൂപയായി വില ഉയർന്നു. ചില്ലറ വിപണിയിൽ 6.50 രൂപ വരെ ഈടാക്കുന്നുണ്ട്. താറാവ് മുട്ടയ്ക്ക് ഒന്നിനു 8 രൂപയിൽ നിന്നു 9 ആയി ഉയർന്നു. ചില്ലറ വിപണിയിൽ 10 രൂപ വരെ വിലയുണ്ട്. ഫുട്ബോൾ ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽ നിന്നു മുട്ടയ്ക്കു വൻ തോതിൽ ഓർഡർ ലഭിച്ചതാണു മുട്ട വില ഉയരാൻ കാരണമായത്.തമിഴ്നാട്ടിലെ വ്യാപാരികളിൽ നിന്നു 5 കോടി മുട്ടയ്ക്കാണ് ഓർഡർ ലഭിച്ചത്. നാമക്കൽ, പല്ലടം, സേലം എന്നിവിടങ്ങളിലാണു കൂടുതലും മുട്ട ഉൽപാദിപ്പിക്കുന്നത്. നാമക്കല്ലിൽ മാത്രം ദിനംപ്രതി 3 കോടിയോളം മുട്ട ഉൽപാദിപ്പിക്കുന്നുണ്ട്.

ഒരു ദിവസം കേരളത്തിനു 25 ലക്ഷത്തോളം മുട്ട ആവശ്യമാണെന്നാണു കണക്ക്. ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ടയ്ക്ക് ഇനിയും വില കൂടാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറഞ്ഞു. ഒക്ടോബറിൽ മൊത്ത വിപണിയിൽ 4.55 രൂപയായിരുന്നു മുട്ടയുടെ വില. മാസങ്ങൾക്കു മുൻപു മുട്ട വിലയിൽ ഇടിവുണ്ടായതിനെ തുടർന്ന് തമിഴ്നാട്ടിലെ ചെറുകിട ഫാമുകളിൽ പലതും പൂട്ടി.മുട്ടയ്ക്കു പെട്ടെന്ന് ഡിമാൻഡ് കൂടിയെങ്കിലും ആവശ്യത്തിനു മുട്ടകൾ ഉൽപാദിപ്പിക്കാൻ കഴിയാത്തതു വില ഉയരാൻ കാരണമായി. കുട്ടനാട്ടിൽ പക്ഷിപ്പനി ബാധിച്ച് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും താറാവ് മുട്ടയുടെ ലഭ്യത കുറവിനു കാരണമായി. മുട്ടയ്ക്ക് ഡിമാൻഡ് വർധിച്ചതോടെ തമിഴ്നാട്ടിലെ ചെറുകിട ഫാമുകൾ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങിയതായും ഇതു മുട്ട വില കുറയാൻ കാരണമായേക്കുമെന്നും കർഷകർ പറഞ്ഞു.

Related Articles

Latest Articles