മുസഫറാബാദ് : പാക് അധിനിവേശ കാശ്മീർ മേഖലയിൽ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം അതിശക്തമാകുന്നു. അവ്വാമി ആക്ഷൻ കമ്മിറ്റി(എഎസി) ആഹ്വാനം ചെയ്ത ‘ഷട്ടർ-ഡൗൺ, വീൽ-ജാം’ സമരത്തെ തുടർന്ന് സംഘർഷം രൂക്ഷമായി. പാകിസ്ഥാനിൽ കുടിയേറിയ കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 അസംബ്ലി സീറ്റുകൾ നിർത്തലാക്കുക, ജലവൈദ്യുത കരാറുകൾ വീണ്ടും ചർച്ച ചെയ്യുക, വിലക്കയറ്റം ലഘൂകരിക്കുന്നതിനായി ഗോതമ്പിന് സബ്‌സിഡി നൽകുക, വൈദ്യുതി നിരക്ക് പ്രാദേശിക ഉത്പാദന നിരക്കുമായി ബന്ധിപ്പിക്കുക എന്നിവയാണ് അവ്വാമി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.
എഎസിയുടെ ആവശ്യങ്ങൾ മേഖലയിലെ രാഷ്ട്രീയ ചട്ടക്കൂടിന് നേരിട്ടുള്ള വെല്ലുവിളിയായാണ് പാക് ഭരണകൂടം കാണുന്നത്. ഈ സംവരണ സീറ്റുകൾ പ്രാദേശിക പ്രാതിനിധ്യം ഇല്ലാതാക്കുകയും പാക് അധിനിവേശ കാശ്മീരിന്റെ രാഷ്ട്രീയത്തിൽ പാക് സർക്കാരിന് അനാവശ്യ സ്വാധീനം നൽകുകയും ചെയ്യുന്നുവെന്നാണ് എഎസിയുടെ വാദം.
സംഘർഷം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി പാക് സർക്കാർ മേഖലയിൽ അർദ്ധരാത്രി മുതൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും വൻതോതിൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. മുഴുവൻ മേഖലയിലും അടച്ചുപൂട്ടൽ പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത്, മുസഫറാബാദിലെ വ്യാപാരികളുടെ സംഘടനകൾ അവശ്യവസ്തുക്കൾ ശേഖരിക്കാൻ ജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി കടകൾ താൽക്കാലികമായി തുറക്കുമെന്ന് അറിയിച്ചു.
പ്രതിഷേധം ‘ആസാദി’ (സ്വാതന്ത്ര്യം) ആവശ്യങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്ക ഷെഹ്ബാസ് ഷെരീഫ് സർക്കാരിനും പാക് സൈന്യത്തിനുമുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ നഗരങ്ങളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹങ്ങൾ നീങ്ങുന്നതായി കാണിക്കുന്നു, ഇത് പ്രക്ഷോഭത്തെ അടിച്ചമർത്താൻ കടുപ്പമേറിയ നടപടി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള പ്രവാസികളും ഈ ആവശ്യങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുന്നതിനായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.

