Monday, May 20, 2024
spot_img

കേന്ദ്ര ഏജൻസികളുടെ ഉന്നതതല യോഗത്തിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌; പരിശോധന ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ; ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ ആയുധ, ഹവാല ഇടപാടുകളിൽ നടപടി കടുപ്പിച്ച് കേന്ദ്രം

ദില്ലി: കേന്ദ്ര ഏജൻസികളുടെ ഉന്നതതല യോഗത്തിനു പിന്നാലെ ഖാലിസ്ഥാൻ ഭീകരർക്കെതിരെ അഞ്ചു സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്‌ഡ്‌. പഞ്ചാബിൽ മാത്രം 50 ഇടങ്ങളിലാണ് റെയ്‌ഡ്‌ പുരോഗമിക്കുന്നത്. രാജസ്ഥാനിൽ 13 ഇടങ്ങളിലും ഹരിയാനയിൽ 4 ഇടങ്ങളിലും റെയ്‌ഡ്‌ പുരോഗമിക്കുന്നു. കൂടാതെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലും പരിശോധന തുടരുന്നു. ഗുണ്ടാ മാഫിയാ സംഘങ്ങളും ഖാലിസ്ഥാൻ സംഘടനകളും തമ്മിലുള്ള ബന്ധവും ഇവർക്കിടയിലുള്ള ഹവാല ഇടപാടുകളും എൻ ഐ എ അന്വേഷിച്ചു വരികയാണ്. ആയുധ-മയക്കുമരുന്ന് ഇടപാടുകളും എൻ ഐ എ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ഈ വർഷവുമായി രജിസ്റ്റർ ചെയ്‌ത 03 കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന സംഘടനയുടെ ആയുധ, ഹവാല ഇടപാടുകളും അവർക്ക് രാജ്യത്തെ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധവും അന്വേഷണത്തിന്റെ ഭാഗമാണ്.

ഇന്നലെയാണ് ദില്ലിയിൽ ഖാലിസ്ഥാൻ ഭീകരത ചർച്ചചെയ്യാൻ കേന്ദ്ര ഏജൻസികളുടെ യോഗം ദില്ലിയിൽ ചേർന്നത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. എല്ലാ ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്കുമെതിരെ നടപടി കടുപ്പിക്കാൻ യോഗത്തിൽ ധാരണയായതായാണ് സൂചന. ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻ ഐ എ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാനഡ ഖാലിസ്ഥാൻ ഭീകരരുടെ സുരക്ഷിത താവളമാകുന്ന പശ്ചാത്തലത്തിൽ അവരുടെ ഓ സി ഐ കാർഡ് റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

Related Articles

Latest Articles