Tuesday, September 22, 2026

പേരാമ്പ്രയിലെ അനുവിന്റെ മരണം ! മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തിലുള്ള ഇയാളുടെ സാന്നിധ്യം സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിന്റെ (26) മൃതദേഹം കണ്ടെത്തിയത്. അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്വന്തം വീട്ടിൽനിന്നു തിരികെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. അനു ഒരു ബൈക്കിൽ കയറിയതായി നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ലിഫ്റ്റ് ചോദിച്ചു യുവതി ബൈക്കിൽ കയറിയെന്നാണു സൂചന. മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തൽ. എന്നാൽ കാലുതെന്നി വെള്ളത്തിൽ വീണതാകാമെന്ന സാധ്യതയെ പാടെ തള്ളിക്കളയുകയാണ് അനുവിന്റെ ബന്ധുക്കൾ. മുട്ടിന് താഴെ മാത്രമാണ് തോട്ടിൽ വെള്ളമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരാൾ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണ്. ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളെവിടെയെന്നതുമാണ് ദുരൂഹത കൂട്ടുന്നത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പഴ്സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

Related Articles

Latest Articles