തിരുവനന്തപുരം: പി വി അൻവർ എം എൽ എ യുടെ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ കാശിക്ക് പോയി നാമം ജപിക്കട്ടെയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം കുറവൻകോണം വാർഡിൽ പാർട്ടി മെമ്പർഷിപ് ക്യാമ്പയിനിന്റെ ഭാഗമായി ബൂത്ത് തല ഗൃഹ സമ്പർക്കം നടത്തവേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതരമായ ആരോപണമാണ് ഭരണപക്ഷ എം എൽ എ ഉന്നയിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാഫിയ സംഘങ്ങളെ തീറ്റിപ്പോറ്റുന്നു. ഉദ്യോഗസ്ഥർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടും നടപടിയില്ല. ഇന്നലെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിക്ക് അതിന് ഇതുവരെയും സാധിച്ചിട്ടില്ല. ഇപ്പൊ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിച്ച് മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സിപിഎം ചരിത്രത്തിലില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ രാജിവച്ച് കാശിക്ക് പോയി നാമം ജപിക്കുന്നതാണ് നല്ലത്. ഗുരുതരമായ ആരോപണം ഉയർന്നിട്ടും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കാത്ത സർക്കാർ നയത്തിനെതിരെ ബിജെപി വൻ പ്രക്ഷോഭം നടത്തുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തൃശ്ശൂർ പൂരം കലക്കി എ ഡി ജി പി എം ആർ അജിത് കുമാർ ബിജെപിയെ സഹായിച്ചുവെന്ന ആരോപണം കെ സുരേന്ദ്രൻ നിഷേധിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പല ഘടകങ്ങളുണ്ട്. മുക്കാൽ ലക്ഷത്തോളം വോട്ടുകൾക്കാണ് സുരേഷ് ഗോപി വിജയിച്ചത് ഇത്തരം ആരോപണങ്ങൾ പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകാത്തവരാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

