Monday, June 3, 2024
spot_img

“ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണം. കോൺഗ്രസ് പാർട്ടിക്ക് അതില്ല” – രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന രൂക്ഷവിമർശനവുമായി പാർട്ടി വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാൽ. മൂന്നുകൊല്ലം മുൻപു രാജിവയ്ക്കാമെന്നു തീരുമാനിച്ചിരുന്നതായും ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആർക്കും സമയമില്ലായിരുന്നുവെന്നും അപമാനിക്കപ്പെടുന്നതായി തോന്നിയെന്നും പത്മജ പറഞ്ഞു. ബിജെപി ആസ്ഥാനത്തുവച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.

‘‘കഴിഞ്ഞ മൂന്നുകൊല്ലമായി പാർട്ടിയുമായി അകന്നുനിൽക്കുകയായിരുന്നു. രണ്ടുപ്രാവശ്യവും തിരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിച്ചത് ആരാണെന്നു വ്യക്തമായി അറിയാം. കെപിസിസിയിൽ പരാതി നൽകിയെങ്കിലും അവർ അത് അവഗണിച്ചു. സ്വന്തം മണ്ഡലത്തിൽപോലും പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കി. മൂന്നുകൊല്ലം മുൻപു രാജിവയ്ക്കാമെന്നു തീരുമാനിച്ചു. അപ്പോൾ അച്ഛന്റെ പേരിൽ സ്മാരകം പണിതുതരാമെന്നു പറഞ്ഞു. വീണ്ടും ഉറച്ചുനിന്നു. പക്ഷേ അവർ ഒരു കല്ലുപോലും വയ്ക്കില്ലെന്നു മനസ്സിലായി. കെപിസിസി പ്രസിഡന്റിന് മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. അച്ഛനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചു. എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്തു പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു ഞാൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണം. കോൺഗ്രസ് പാർട്ടിക്ക് അതില്ല. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ഞാൻ ആലോചിച്ചു. ആരുമില്ല. ആർക്കും സമയമില്ല. സോണിയ ഗാന്ധി ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് സമയമില്ല. അന്നെനിക്ക് തോന്നി, ഇതിൽ നിന്നിട്ട് കാര്യമില്ല. ദിവസവും അപമാനിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പു കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇടില്ല. തൃശൂരിൽനിന്ന് എന്നെ ഓടിക്കണമെന്നു നാലഞ്ചുപേർ തീരുമാനിച്ചു. നേതൃത്വത്തിനോട് അതിനെക്കുറിച്ചു പറയുമ്പോൾ അവരു വളരെ നിസാരമാക്കി എടുത്തു. അതെന്നെ വേദനിപ്പിച്ചു. കോൺഗ്രസ് വിടുന്നത് കുറച്ചുദിവസങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ല. അളമുട്ടിയാൽ ചേരയും കടിക്കും.’’–പത്മജ പറഞ്ഞു.

Related Articles

Latest Articles